Breaking News

കൊവിഡിനിടെ ഡെങ്കിയും; കേരളത്തിനും മുന്നറിയിപ്പ്


 

ന്യൂഡൽഹി | കൊവിഡിന് പിന്നാലെ ഡെങ്കി പടരുന്നത് സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. കേരളം ഉൾപ്പെടെ പതിനൊന്ന് സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ്- 2 ഡെങ്കി സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിലും രോഗം പടരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് മറ്റ് രോഗങ്ങളെക്കാൾ സങ്കീർണമാണെന്നും സംസ്ഥാനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

വിവിധ സംസ്ഥാനങ്ങളുമായി നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ മുന്നറിയിപ്പ് നൽകിയത്. കൊവിഡിനൊപ്പം ഡെങ്കിപ്പനി പ്രതിരോധത്തിനും ആരോഗ്യ പ്രവർത്തകരെ വിന്യസിക്കേണ്ടതും ഡെങ്കി പ്രതിരോധത്തിന് ആവശ്യമായ മരുന്നുകൾ ഉറപ്പാക്കേണ്ടതുമാണ് സംസ്ഥാന സർക്കാറുകളെ പ്രതിസന്ധിയിലാക്കുന്നത്.

കേസുകൾ നേരത്തേ കണ്ടെത്തുന്നതിന് പനി ഹെൽപ് ലൈനുകളുടെ പ്രവർത്തനം ആരംഭിക്കണമെന്നും ടെസ്റ്റിംഗ് കിറ്റുകൾ, കൊതുക് നിയന്ത്രണ കിടനാശിനി, മരുന്നുകൾ എന്നിവയുടെ മതിയായ സംഭരണം ഉറപ്പുവരുത്തണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു. രക്തത്തിന്റെയും പ്ലേറ്റ്‌ലെറ്റുകളുടെയും മതിയായ സംഭരണം ഉറപ്പാക്കാൻ രക്ത ബേങ്കുകൾക്ക് മുന്നറിയിപ്പ് നൽകണം. കൊതുക് നിയന്ത്രണം, ഉറവിടം കുറക്കൽ, ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ എന്നിവ സംബന്ധിച്ച പ്രചാരണങ്ങൾ നടത്താനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി സ്ഥിരീകരിക്കുന്നത്. നഗരങ്ങളിലാണ് പ്രധാനമായും ഡെങ്കി പടരുന്നത്

No comments