ജില്ലയിലെ കോവിഡ് വാക്‌സിനേഷൻ ആദ്യഡോസ് 94.47 ശതമാനം ; 100 ശതമാനം ലക്ഷ്യമിട്ട് ഊർജിത പ്രവർത്തനം
കാസർകോട് ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ച് ഒമ്പത് മാസം കൊണ്ട് 18 വയസ്സിന് മുകളിലുള്ള എല്ലാ വിഭാഗത്തിലുമായി 94.47 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. വാക്‌സിനേഷൻ 95 ശതമാനം കടക്കുന്നത് വഴി കോവിഡിനെതിരെ ആർജിത പ്രതിരോധ ശേഷി കൈവരിക്കാമെന്നതിനാൽ 18 നും 44നും ഇടയിൽ പ്രായമുള്ളവരിൽ ആദ്യഡോസ് വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കുന്നതിനാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ലക്ഷ്യമിടുന്നത്. 45-60 വയസ്സുള്ളവരിൽ ആദ്യ ഡോസ് വാക്‌സിനേഷൻ 100 ശതമാനമാണ്-2,56,114 പേർ. കോവിഡ് പോസിറ്റീവ് ആയി 90 ദിവസം കഴിയാത്തവരിലാണ് കുത്തിവെപ്പ് ബാക്കിയുള്ളത്. 60 വയസ്സിന് മുകളിലുള്ളവരിലും ആദ്യ ഡോസ് വാക്‌സിനേഷൻ 100 ശതമാനം പൂർത്തീകരിച്ചു-1,88,220 പേർ. അതിഥി തൊഴിലാളികളായ 9502 പേരിൽ 9217 പേരും (97.82%) പട്ടിക വർഗ മേഖലയിൽ 59757 പേരിൽ 57567പേരും (97.2%) വാക്‌സിൻ സ്വീകരിച്ചു. പാലിയേറ്റീവ് രോഗികളിൽ 96.54 ശതമാനവും കോവിഡ് വാക്‌സിൻ സ്വീകരിച്ചു. എന്നാൽ 18 മുതൽ 44 വയസ്സ് വരെ പ്രായമുള്ള 5,58,934 പേർ (93.53 ശതമാനം) പ്രതിരോധ കുത്തിവെപ്പ് എടുത്തു. വാക്‌സിൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്നവർക്കിടയിൽ ബോധവത്കരണം നടത്തും.
ഗർഭിണികളിൽ വലിയൊരുഭാഗം തെറ്റായ ധാരണ മൂലം വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകാത്ത സ്ഥിതിയുണ്ട്. ഗർഭിണികൾക്ക് വാക്സിൻ സ്വീകരിക്കാമെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെ നിർദേശിക്കുന്നുണ്ട്. ഡോക്ടർമാരും വാക്സിന് അനുകൂലമാണ്. പക്ഷേ, 18 മുതൽ 44 വരെ പ്രായമുള്ള 17114 ഗർഭിണികളിൽ 5001 പേർ (31.8%) മാത്രമാണ് ഇതുവരെ ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചത്. എല്ലാ ബുധനാഴ്ചകളിലും ആരോഗ്യ കേന്ദ്രങ്ങളിൽ ഗർഭിണികൾക്ക് മാത്രമായി വാക്‌സിൻ നൽകുന്നതായും ഇത് പ്രയോജനപ്പെടുത്തണം.
മറ്റു പല വിഭാഗങ്ങളിലെ 35000 പേരും കുത്തിവെപ്പ് എടുത്തിട്ടില്ല. ഇതിൽ 29000 ത്തോളം പേർ കോവിഡ് പോസിറ്റീവ് ആയി 90 ദിവസം കഴിയാത്തവരാണ്. വാക്്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കുറഞ്ഞതിനാൽ പ്രയാസമില്ലാതെ കുത്തിവെപ്പ് സ്വീകരിക്കാൻ കഴിയുന്ന സാഹചര്യമുണ്ട്.
പൊതുവിൽ വാക്‌സിനേഷനിൽ പിന്നാക്കം നിൽക്കുന്ന മേഖലകളിൽ അതാത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിച്ച് നടപടികൾ ഊർജിതമാക്കും. യുവാക്കളെ വാക്‌സിനേഷൻ ഡ്രൈവിന്റെ ഭാഗമാക്കാൻ വിവിധ പദ്ധതികളും ജില്ലയിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. ഒക്ടോബർ നാലിന് കോളജുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളിൽ വാക്‌സിനേഷൻ എൻ.എസ്.എസ് യൂണിറ്റുകളുടെ സഹായത്തോടെ നടത്തും.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ കോവിഡ് പോസീറ്റീവ് ആയവർ ശതമാന കണക്കിൽ കൂടുതൽ കാസർകോട് ജില്ല ആണ്. 18നും 44നും ഇടയിൽ പ്രായമുള്ളവരിൽ 884 പേർക്കും, 45നും 60നും ഇടയിൽ 1229 പേർക്കും 60 വയസ്സിന് മുകളിൽ 758 പേർക്കും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് സ്ഥിരീകരിച്ചു. അതിനാൽ വാക്‌സിനേഷൻ എടുത്തവരും മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ മാർഗ നിർദേശങ്ങളിൽ വീഴ്ച വരാതെ ശ്രദ്ധിക്കണമെന്നും ഒരു വിമുഖതയും കൂടാതെ വാക്‌സിനേഷൻ യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണം
No comments