Breaking News

കയ്യൂർ-ചീമേനി പെരിങ്ങാരയിലും മഹാശിലാ സ്മാരകങ്ങൾ കണ്ടെത്തി നിധിക്കുഴി എന്നറിയപ്പെടുന്ന ചെങ്കല്ലറകളാണ് കണ്ടെത്തിയത്

നീലേശ്വരം: കയ്യൂർ-ചീമേനി പഞ്ചായത്തിലെ പെരിങ്ങാരയിൽ മഹാശിലാ കാലഘട്ടത്തിൻ്റെ സ്മാരകങ്ങളായ ചെങ്കല്ലറകൾ കണ്ടെത്തി. നിധിക്കുഴി എന്ന് തദ്ദേശീയമായി അറിയപ്പെട്ടിരുന്ന ഗുഹകളെക്കുറിച്ച് സാമൂഹ്യ പ്രവർത്തകൻ അശോകൻ പെരിങ്ങാര, മനോജ്കുമാർ എന്നിവരാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗം മേധാവി നന്ദകുമാർ കോറോത്ത്, ചരിത്രാധ്യാപകൻ സി.പി.രാജീവൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ഗുഹകൾ മഹാശിലാ  സംസ്കാരത്തിൻ്റെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറകളാണെന്ന് ഇവർ സ്ഥിരീകരിച്ചു. മുകൾ ഭാഗത്ത് അടച്ചും ഒരു ഭാഗത്ത് കവാടത്തോടും കൂടി  ചെങ്കൽപാറ തുരന്നാണ് ഇവ  നിർമ്മിച്ചത്.  ചെങ്കല്ലറകളിൽ ഒന്ന് വർഷങ്ങൾക്ക് മുമ്പെ തുറന്ന നിലയിലാണുള്ളത്. വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും വിശ്വാസത്തിൻ്റെ ഭാഗമായി അടക്കം ചെയ്താണ്. ആയിരത്തി എണ്ണൂറ് വർഷങ്ങൾക്ക് മുമ്പ് മഹാശിലാ കാലഘട്ടത്തിലെ മനുഷ്യരാണ് ചെങ്കല്ലറകൾ നിർമ്മിച്ചത്.. ജില്ലയിലെ പിലിക്കോട്, ചന്ദ്രവയൽ, പള്ളിപ്പാറ, അരിയിട്ട പാറ, പോത്താംങ്കണ്ടം, പനങ്ങാട്‌, ഉമ്മാച്ചി പൊയിൽ, തലയടുക്കം, പരപ്പ, ബാനം, ഭീമനടി, പ്ലാച്ചിക്കര, കനിയാൽ, കുറ്റിക്കോൽ, ബങ്കളം, കല്ലഞ്ചിറ, മാവുള്ള ചാൽ, നാലിലാംകണ്ടം, കല്ലഞ്ചിറ, മടിക്കൈ, പൈവളിഗെ, കാര്യാട് മലപ്പച്ചേരി എന്നിവിടങ്ങളിൽ നിന്ന് മുമ്പ് ചെങ്കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്.

No comments