Breaking News

പരിയാരം കണ്ണൂർ ഗവ. ആയുർവേദ കോളജിൽ അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനം നാളെ തുടങ്ങും

പരിയാരം: കണ്ണൂർ ഗവ. ആയുർവേദ കോളജിൽ പണിത മലബാർ മേഖലയിലെ ആദ്യത്തെ ആയുർവേദ അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവർത്തനം വെള്ളിയാഴ്ച തുടങ്ങും. ഗർഭധാരണം മുതൽ പ്രസവാനന്തര മാതൃ-ശിശു പരിചരണംവരെ നൽകുന്ന ആസ്പത്രിയാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. കെട്ടിട ഉദ്ഘാടനം മാസങ്ങൾക്ക് മുൻപ് നടത്തിയെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല.


നാല് നിലകളിലായി 14.65 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും 25 വീതം കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. മേജർ സർജറി തിയേറ്റർ, ലേബർ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, കുട്ടികളുടെ വാർഡ് എന്നിവ കൂടാതെ അത്യാധുനിക പരിശോധനാസംവിധാനവും ഒരുക്കിയിട്ടുണ്ട്.


ആസ്പത്രിക്കുമാത്രമായി 37 ഓളം പുതിയ തസ്തികകളും അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് എം.വിജിൻ എം.എൽ.എ. പ്രവർത്തനോദ്ഘാടനം നിർവഹിക്കും. പ്രിൻസിപ്പൽ ഡോ. സി.സിന്ധു അധ്യക്ഷതവഹിക്കും. മുൻ എം.എൽ.എ. ടി.വി.രാജേഷ് മുഖ്യാതിഥിയായിരിക്കും.പേ വാർഡ് സമുച്ചയത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും തദവസരത്തിൽ നടക്കും.


No comments