Breaking News

ഇനി പച്ച ചകിരി വലിച്ചെറിയേണ്ട പച്ചചകിരിയില്‍ നിന്ന് ഫൈബര്‍ ഉത്പാദനം; നീലേശ്വരം പുതുക്കൈയില്‍ ഹൈടെക് കയര്‍ ഡീഫൈബറിംഗ് യൂണിറ്റ് തുറന്നു


കാസര്‍കോട്: പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കുകയും അതിലൂടെ മെച്ചപ്പെട്ട പ്രവർത്തനം സാധ്യമാക്കി ലാഭമുണ്ടാക്കി പ്രവർത്തിപ്പിക്കുകയുമാണ് സർക്കാരിന്‍റെ നയമെന്ന് വ്യവസായ-കയർ വകുപ്പ് മന്ത്രി പി. രാജീവ് . സർക്കാരിന്‍റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞങ്ങാട് പുതുക്കൈയിൽ നിർമ്മിച്ച ഹൈടെക് കയർ ഡീഫൈബറിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ലഭ്യമായ ചകിരിയുടെ 18 ശതമാനം മാത്രമാണ് നിലവിൽ വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നത്. ഇതിൽ നിന്ന് 35 ശമാനം മാത്രമേ മൂല്യവർധിത ഉത്പന്നമായി മാറുന്നുള്ളു. ഇത് 45 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ടാണ് ഹൈടെക് കയർ ഡീഫൈബറിങ്ങ് യൂണിറ്റുകൾ സ്ഥാപിക്കുന്നത്. ഇത്തരം സംരംഭങ്ങൾ ആവിഷ്‌ക്കരിക്കുന്നതിലൂടെ കർഷകന് മികച്ച വരുമാനം ലഭിക്കുന്നതിനൊടൊപ്പം ചകിരിയുടെ വില നിയന്ത്രണം സാധ്യമാവുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

പുതുക്കൈ യൂണിറ്റിൽ നടന്ന പരിപാടിയിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൻ കെ.വി സുജാത, കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി, വാർഡ് കൗൺസിലർ, കെ.വി സരസ്വതി, വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി കെ. അശോകൻ, കയർഫെഡ് ചെയർമാൻ അഡ്വ. എൻ സായികുമാർ, കെ.സി.സി.പി മുൻ ചെയർമാൻ ടി.കെ ഗോവിന്ദൻ, കേരള കയർ മെഷിനറി മാനുഫാക്ച്ചറിങ് കമ്പനി എം.ഡി പി.വി ശശീന്ദ്രൻ, ജയദീപ് പോട്ഡാർ, ഡി.ഐ സി ജനറൽ മാനേജർ കെ. സജിത് കുമാർ, കയർ പ്രൊജക്ട് ഓഫീസർ ആർ. സുരേഷ് ബാബു, വിവിധ സംഘടനാ പ്രതിനിധികളായ എ. മാധവൻ, ഇ. മോഹനൻ എന്നിവർ സംസാരിച്ചു. കെ.സി.സി.പി മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ സ്വാഗതവും ഡയറക്ടർ പി.കെ ഹരിദാസ് നന്ദിയും പറഞ്ഞു.

No comments