Breaking News

സബർമതി ആശ്രമത്തെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക: ഗാന്ധിദർശൻ സമിതി ആഭിമുഖ്യത്തിൽ പരപ്പ പോസ്റ്റോഫീസിന് മുന്നിൽ നിൽപ്പ് സമരവും പ്രധാനമന്ത്രിക്ക് കത്തയക്കലും നടത്തി

പരപ്പ: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണകളുടെ പ്രതീകമായ സബർമതി ആശ്രമം തകർത്തു 1200 ഓളം കോടി രൂപ മുടക്കി സ്വകാര്യവ്യക്തി മുഖേന അവിടെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള ബിജെപി ഗവൺമെന്റിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കാസർകോട് ജില്ലാ ഗാന്ധിദർശൻ സമിതി സെക്രട്ടറി ബാബു കോഹിന്നൂർ ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് താലൂക്ക് ഗാന്ധിദർശൻ സമിതിയുടെ  ആഭിമുഖ്യത്തിൽ സബർമതി ആശ്രമം സംരക്ഷിക്കണം എന്ന മുദ്രാവാക്യമുയർത്തിയുള്ള പരപ്പ സബ് പോസ്റ്റ്ആഫീസിനു മുൻപിൽ വെച്ച് നടന്ന നിൽപ്പ് സമരവും പ്രധാനമന്ത്രിക്ക് കത്ത് പോസ്റ്റ് ചെയ്യുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. സബർമതി ആശ്രമത്തിൽ നിലവിൽ പ്രവർത്തിക്കുന്ന ഗാന്ധിയൻ അനുയായികൾ നേതൃത്വം വഹിക്കുന്ന ഗാന്ധിഗ്രാമോദ്യോഗമണ്ഡൽ, ഹരിജൻ സംഘം പ്രായോക്ത സമിതി, നെയ്ത്ത് ഉൽപ്പാദന ഗവേഷണകേന്ദ്രം അടക്കമുള്ള മൗലികത യാർന്ന ഗാന്ധിയൻ കർമ്മ പരിപാടികളെല്ലാം തകർത്തു പകരം തീം പാർക്ക്, വി ഐ പി ലോഡ്ജ്, പുതിയ മ്യൂസിയം, കടകൾ ഉൾപ്പെടുന്ന   ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള നീക്കം അത്യന്തം അപലപനീയമാണ്.

       സ്കൂൾ വിദ്യാർത്ഥികൾ അടക്കം ഇന്ത്യക്കാരും വിദേശികൾ അടക്കം ആയിരക്കണക്കിനാളുകൾ നിത്യേന എത്തുന്ന ഗാന്ധി സ്മരണകൾ ഉറങ്ങുന്ന സബർമതി ആശ്രമം സംരക്ഷിക്കേണ്ടതും നിലനിർത്തേണ്ടതും ഭാരത സർക്കാരിന്റെ കടമയാണ്. ഗാന്ധി ദർശൻ സമിതി താലൂക്ക് പ്രസിഡന്റ് ജോസ് പനക്കാതോട്ടം അധ്യക്ഷതവഹിച്ചു. കൃഷ്ണൻ പാച്ചേനി സ്വാഗതം, കെ പി ബാലകൃഷ്ണൻ, അഗസ്റ്റിൻ മണലേൽ, സി എ ബാബു, സി വി ബാലകൃഷ്ണൻ, വിജി കിഴക്കുംകര, മോഹനൻ മാസ്റ്റർ, ജോണി പരപ്പ, ബേബി കൈതകുളം, റോയിച്ചൻ നരിക്കുഴി എന്നിവർ പ്രസംഗിച്ചു.

No comments