തലശ്ശേരിയിൽ ശാന്തിക്കാരൻ്റെ സ്വർണ്ണമാല കവർന്ന ക്ഷേത്രജീവനക്കാരി റിമാൻഡിൽ
തലശേരി: തലശ്ശേരി ഇല്ലിക്കുന്ന് ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരെൻറ അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണമാല കവർന്ന സംഭവത്തിൽ അറസ്റ്റിലായ ജീവനക്കാരിയെ കോടതി റിമാൻഡ് ചെയ്തു. കൊടുവള്ളി ചിറമ്മൽ ഹൗസിൽ കെ. റീജയാണ് (50) റിമാൻഡിലായത്
ആഗസ്റ്റ് 15ന് ക്ഷേത്രം ശാന്തിക്കാരനായ മാടമന സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മാലയാണ് അപഹരിച്ചത്. ക്ഷേത്രത്തിനകത്തെ തിടപ്പള്ളിയിൽ സ്വർണമാല ഊരിവെച്ച് കുളിക്കാൻപോയ സമയത്താണ് മോഷണം. ഇദ്ദേഹം ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ധർമടം പോലീസിൽ പരാതിയെത്തി. പോലീസ് നടപടി വൈകുന്നതിനാൽ ബുധനാഴ്ച ശാന്തിക്കാരൻ ധർമടം സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകുകയായിരുന്നു.
സി.ഐ ടി.പി. സുമേഷിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്, മാല കവർന്നത് ജീവനക്കാരിയാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കുശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. കവർന്ന മാല രണ്ട് ബാങ്കുകളിലായി പണയം വെച്ചതായും പണം വീട്ടിൽ സൂക്ഷിച്ചതായും പറഞ്ഞു. കളവുപോയ മാലയും വീട്ടിൽ സൂക്ഷിച്ച 84000 രൂപയും പ്രതിയുടെ സാന്നിധ്യത്തിൽ പോലീസ് കണ്ടെടുത്തു. മോഷണം നടന്ന ക്ഷേത്രത്തിലും പ്രതിയെ കൊണ്ടുപോയി പോലീസ് തെളിവെടുപ്പ് നടത്തി. എസ്.ഐമാരായ എം.സി. രതീഷ്, കെ. ശ്രീജിത്ത്, എ.എസ്.ഐമാരായ പ്രവീന്ദ്രൻ, രാജീവൻ, മനോജ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പ്രജിത്ത്, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
No comments