വെള്ളരിക്കുണ്ട് വടക്കാകുന്ന് സത്യാഗ്രഹ സമരം പതിനെട്ടാം ദിവസത്തിലേക്ക്..അതിജീവനസമരം ഏറ്റെടുത്ത് വീട്ടമ്മമാരും..
വെള്ളരിക്കുണ്ട്: വടക്കാകുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സത്യാഗ്രഹ സമരം പതിനെട്ടാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. കാരാട്ട്, കൂളിപ്പാറ, പന്നിത്തടം, തോടൻചാൽ, നെല്ലിയര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി നൂറ് കണക്കിന് ആളുകൾ സമരത്തിന്റെ ഭാഗമായി കഴിഞ്ഞു. പതിനെട്ടാം ദിവസത്തെ സത്യാഗ്രഹ സമരത്തിന് നേതൃത്വം കൊടുക്കുന്നത് വീട്ടമ്മമാരാണ്. വികസനങ്ങളുടെ പേരിലുള്ള വൻകിട ഖനന പ്രവർത്തനങ്ങൾ ആയിരക്കണക്കിന് ജനങ്ങളുടെ ജീവനും ആരോഗ്യപരമായ ജീവിതത്തിനും, സ്വത്തിനും കുടിവെള്ളത്തിനുമെല്ലാം ഭീഷണിയാകുമെന്ന തിരിച്ചറിവോടെ ഏവരും സമരത്തെ നെഞ്ചേറ്റി കഴിഞ്ഞതായി വടക്കാകുന്ന് സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു. സമരവളണ്ടിയർമാർക്കുള്ള ഭക്ഷണവും ലഘുഭക്ഷണവും ചായയുമെല്ലാം ഓരോ ദിവസം ഓരോ വീടുകളിൽ നിന്നുമാണ് സമരപന്തലിൽ എത്തിച്ചു നൽകുന്നത്. ജനങ്ങളുടെ ആവാസ മേഖലയെത്തന്നെ തകിടം മറിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങൾക്ക് നടുവിലായി അനുമതി നൽകുന്ന ഭരണ-ഉദ്യോഗസ്ഥ- നടപടികൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സമരസമിതി പ്രവർത്തകർ ആരോപിച്ചു. സത്യാഗ്രഹ സമരം പതിനെട്ടാം ദിവസം പിന്നിടുമ്പോഴും സമരസമിതിയും നാട്ടുകാരും സമരത്തിന്റെ ഭാഗമായി ഉയർത്തുന്ന ആവശ്യങ്ങൾ കേൾക്കുന്നതിനും ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ ഭരണ-ഉദ്യോഗസ്ഥ- രാഷ്ട്രീതലങ്ങളിൽ നിന്നും ഇതുവരെ ഉണ്ടാകാത്തതിൽ പ്രദേശവാസികളും പരിസ്ഥിതി സ്നേഹികളും കടുത്ത ആശങ്കയിലും പ്രതിഷേധത്തിലുമാണ്. സമരം കൂടുതൽ ശക്തമാക്കാനുള്ള ഒരുക്കത്തിലാണിവർ.
No comments