വെള്ളരിക്കുണ്ട് വടക്കാംകുന്നിലെ ഖനനാനുമതി; നാട്ടുകാർ വീണ്ടും അതിജീവന സമരത്തിലേക്ക് സെപ്റ്റംബർ 7 ന് വടക്കാംകുന്ന് സംരക്ഷണ സമിതിയുടെ സത്യാഗ്രഹ സമരം
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിലെ കിനാനൂർ കരിന്തളം,ബളാൽ പഞ്ചായത്തുകളിലെ പരപ്പ, ബളാൽ വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന വടക്കാകുന്ന് മലനിരകളുടെ വിവിധ ഭാഗങ്ങളിലായി ഏക്കർകണക്കിന് സ്ഥലം സ്വന്തമാക്കി ഖനന മാഫിയകൾ വൻകിട ക്വാറികളും ക്രഷറുകളും ആരംഭിക്കാനുള്ള നീക്കം നടത്തി വരികയാണ്. വടക്കാകുന്ന് മരുതുകുന്ന് ഭാഗത്ത് 2019 ൽ ചെറുകിട ക്വാറി നടത്തുന്നതിന് തികച്ചും നിയമവിരുദ്ധമായി നേടിയ അനുമതികളുമായാണ് വൻകിട ഖനന പ്രവർത്തനങ്ങൾക്ക് നീക്കം നടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി മുഖ്യമന്ത്രി മുതലുള്ള ഭരണാധികാരികൾക്കും, ജനപ്രതിനിധികൾക്കും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നിരവധി പരാതികൾ നൽകുകയും മൂവായിരത്തോളം ജനങ്ങളെ അണിനിരത്തി നടത്തിയ വടക്കാകുന്ന് സംരക്ഷണ ചങ്ങല ഉൾപ്പെടെ നിരവധി പ്രതിഷേധ, പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് റോഡിൽ നിന്നും നിർദ്ദിഷ്ട ദൂരം പാലിക്കാതെയുള്ള മൈനിങ്ങ് ഏരിയയിൽ ബളാൽ പഞ്ചായത്ത് അനുമതി നൽകിയ മാഗസിൻ (വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥാപനം) കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ചാണ് ഖനനാനുമതികൾ നേടിയത്, പരാതികളുടെയും പ്രതിഷേധങ്ങളുടെയും ഭാഗമായി നൽകിയ അനുമതികൾ റദ്ദ് ചെയ്യപ്പെട്ടുവെങ്കിലും അനധികൃതമായി സ്ഥാപിച്ചവർക്കെതിരെയോ, ആവശ്യമായ രേഖകളില്ലാതെ പൊളിച്ച് മാറ്റി സ്ഥാപിച്ചവർക്കെതിരെയോ നടപടികൾ സ്വീകരിക്കുന്നതിന് പകരം ജോലിക്കാർക്ക് പറ്റിയ അബദ്ധമായി നിസ്സാരവൽക്കരിച്ച് ഖനന മാഫിയകൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിച്ച ഉദ്യോഗസ്ഥ നടപടികൾ സംശയാസ്പദമാണെന്ന് വടക്കാംകുന്ന് സംരക്ഷണ സമിതി അരോപിക്കുന്നു. നിരവധി നിയമലംഘനങ്ങളിലൂടെ ഖനനാനുമതികൾ നൽകിയ പ്രദേശങ്ങൾ സ്ഥലം എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും, ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സന്ദർശിച്ച് നിയമലംഘനങ്ങൾ വിലയിരുത്തി ഉദ്യോഗസ്ഥർക്കെതിരെ കർശ്ശന നടപടികൾ സ്വീകരിക്കണമെന്നും, നിയമ ലംഘനങ്ങളിലൂടെ നൽകിയിട്ടുള്ള ഖനനാനുമതികൾ റദ്ദ് ചെയ്ത് ഈ മലനിരകൾക്കു ചുറ്റുമുള്ള ആയിര കണക്കിന് ജനങ്ങളുടെ ജീവനും, ആരോഗ്യത്തിനും, സ്വത്തിനും, കുടിവെള്ളത്തിനും സംരക്ഷണം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപെട്ടുകൊണ്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 2021 സെപ്തംമ്പർ 7 ചൊവ്വാഴ്ച്ച മുതൽ മുതൽ സത്യഗ്രഹ സമരം ആരംഭിക്കും. അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂല നിലപാടുകൾ ഉണ്ടായില്ലെങ്കിൽ നിരാഹാര സമരവും തുടർന്ന് ബന്ധപ്പെട്ട ഓഫീസുകൾക്കു മുൻപിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് സമരസമിതി അംഗങ്ങൾ അറിയിച്ചു.
No comments