Breaking News

മഴക്കെടുതി: ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ ആറ് വീതവും മഞ്ചേശ്വരത്ത് ഒരു വീടുമുള്‍പ്പെടെ ജില്ലയിൽ ഇതുവരെ 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു.


കാസർകോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ ഹൊസ്ദുര്‍ഗ് താലൂക്കില്‍ ആറും വെള്ളരിക്കുണ്ടില്‍ ആറും മഞ്ചേശ്വരത്ത് ഒരു വീടുമുള്‍പ്പെടെ 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഹൊസ്ദുര്‍ഗ് താലൂക്കില്‍ ക്ലായിക്കോട്, മടിക്കൈ(രണ്ട് വീടുകള്‍), തിമിരി, നീലേശ്വരം, കാഞ്ഞങ്ങാട് വീല്ലേജുകളിലും വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടി, ചിറ്റാരിക്കാല്‍, മാലോത്ത്(രണ്ട് വീടുകള്‍), പാലാവയല്‍, തായന്നൂര്‍ വില്ലേജുകളിലും മഞ്ചേശ്വരം താലൂക്കിലെ കൊടലമൊഗര്‍ വില്ലേജിലുമാണ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചത്. രണ്ട് വീടുകളിലേതൊഴികെ നാല് ലക്ഷത്തില്‍പ്പരം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. മാലോട് വില്ലേജിലെ കമ്മാടിയില്‍ ഇടിമിന്നലിലാണ് ഒരു വീടിന് നാശനഷ്ടം സംഭവിച്ചത്.

74.1 ഹെക്ടറില്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 499 കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ക്കാണ് നഷ്ടം സംഭവിച്ചത്. 1.16 കോടിരൂപയുടെ നഷ്ടം കണക്കാക്കുന്നു.

ജില്ലയിലെ ഷിറിയ, പയസ്വിനി, ചന്ദ്രഗിരി പുഴകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ഷിറിയയില്‍  91.94മീറ്ററും പയസ്വിനിയില്‍ 15.2 മീറ്ററും, ചന്ദ്രഗിരിയില്‍ 33.48 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്.

No comments