Breaking News

പി.എം.ജി.എസ്.വൈ: കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ ഏഴ് റോഡുകള്‍ക്ക് 28.89 കോടി രൂപ അനുവദിച്ചു


കാസര്‍കോട്: പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍ദേശിച്ച പദ്ധതികളില്‍ കാസര്‍കോട് ജില്ലയില്‍ അഞ്ച് റോഡുകള്‍ക്കും കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ ബ്ലോക്കില്‍ രണ്ട് റോഡുകള്‍ക്കുമായി 28.89 കോടി രൂപ അനുവദിച്ചു. കാസര്‍കോട് ജില്ലയില്‍ 25 കിലോമീറ്ററിന് 19.61 കോടിയും പയ്യന്നൂര്‍ ബ്ലോക്കില്‍ 10.64 കിലോമീറ്റര്‍ റോഡിന് 9.29 കോടി രൂപയുമാണ് അനുവദിച്ചത്.


കാസര്‍കോട് ബ്ലോക്കിലെ ഇച്ചിലംപാടി- അനന്തപുരം-നായ്ക്കാപ്പ് (മൂന്ന് കി.മീ) റോഡിന് 2.68 കോടി രൂപ, വിദ്യാനഗര്‍-നീര്‍ച്ചാല്‍-മാന്യ (4.1 കി.മീ) റോഡിന് 3.61 കോടി രൂപ, കാഞ്ഞങ്ങാട് ബ്ലോക്കില്‍ ചായ്യോം-ചിറപ്പുറം-കാനത്തുമൂല (4.24 കി.മീ) റോഡിന് 3.47 കോടി, കരിച്ചേരി-മയിലാട്ടി-മാങ്ങാട്-ദേളി (8.7 കി.മീ) റോഡിന് 6.63 കോടി, കാറഡുക്ക ബ്ലോക്കില്‍ പൈക്ക-മല്ലം-ബോവിക്കാനം (5.3 കി.മീ) റോഡിന് 3.23 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.


പയ്യന്നൂര്‍ ബ്ലോക്കില്‍ വയക്കര-പങ്കായം-പോത്തന്‍ കുണ്ട് റോഡ്, അരവഞ്ചാല്‍-കാഞ്ഞിരപ്പൊയില്‍ കോട്ടോല്‍-ഉദയംകുന്ന് റോഡുകള്‍ക്കായി 9.29 കോടി രൂപയും അനുവദിച്ചതായും അടുത്ത ഘട്ടത്തില്‍ കൂടുതല്‍ റോഡുകള്‍ ഉള്‍പ്പെടുത്തി കിട്ടാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി അറിയിച്ചു.


No comments