Breaking News

കൂട്ടിക്കലിലെ ഉരുള്‍പൊട്ടല്‍ കവര്‍ന്നത് ഒരു കുടുംബത്തെ ഒന്നാകെ

 


കോട്ടയം: കൂട്ടിക്കലിലെ ഉരുള്‍പൊട്ടല്‍ കവര്‍ന്നത് ഒരു കുടുംബത്തെ ഒന്നാകെ. പ്രകൃതി ദുരന്തത്തിന് ഇരയായത് ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബം.ജീവന്‍ പൊലിഞ്ഞത് മൂന്ന് മക്കള്‍ അടങ്ങുന്ന ആറംഗ കുടുംബത്തിന്റെ.മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ത്ഥികളാണ്.

വീടിന് മുകള്‍ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് ഒലിച്ചുപോയതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ആറ് പേരുടെ മൃതദേഹം കണ്ടെടുത്തു. കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു മാര്‍ട്ടിന്‍. അച്ഛന്‍ മൂന്ന് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.


ഉരുള്‍പൊട്ടലിനെ തുടര്‍ന്നു വെള്ളത്തിനടിയിലായ കൂട്ടിക്കലടക്കം കിഴക്കന്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റുന്നതിന് എയര്‍ ലിഫ്റ്റിങ്ങിനാണ് സഹായം തേടിയത്. കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിന് സേന എത്തും.

No comments