Breaking News

ഇ.ചന്ദ്രശേഖരൻ എം.എൽ.എയുടെ ഇടപെടൽ; നീലേശ്വരം - ഇടത്തോട് റോഡ് പ്രവൃത്തി പുനരാരംഭിക്കാൻ ഉത്തരവായി


വെള്ളരിക്കുണ്ട്: കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ മലയോരത്തേയും ഇടനാട്ടിലേയും ജനങ്ങളെ ദുരിതത്തിലാക്കിയ നീലേശ്വരം - ഇടത്തോട് റോഡ് പ്രവൃത്തി പുനരാരംഭിക്കാൻ ഉത്തരവായി. ഇ ചന്ദ്രശേഖരൻ എം എൽ എ യുടെ ഇടപെടലിനെ തുടർന്നാണ് നടപടി. 2016-17 വർഷത്തെ കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ  42.10 കോടി രൂപയുടെ പദ്ധതി കേരള റോഡ് ഫണ്ട് ബോർഡ്  ഉടമ്പടി പ്രകാരം 18 മാസത്തെ പ്രവൃത്തി 2020 സെപ്തംബർ മാസത്തിൽ തീരേണ്ടതായിരുന്നു. ഏറ്റെടുത്ത കരാറുകാരൻ റോഡിൽ പലയിടങ്ങളിലായി കിളച്ചിടുകയുo സമയത്ത് പ്രവൃത്തി പൂർത്തീകരിക്കാതിരിക്കുകയും ചെയ്തത് ജനങ്ങളിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയതിനെ തുടർന്ന് കിഫ് ബി അധികൃതർ പരിശോധന നടത്തി പ്രവൃത്തി തൃപ്തികരമല്ലാത്തതിനാൽ  നിർത്തി വെക്കാൻ ഉത്തരവ് നല്കുകയുമായിരുന്നു. നീലേശ്വരം മേൽപ്പാലം മുതൽ കാലിച്ചാനടുക്കം മൂപ്പിൽ വരെയുളള13.125 കി.മി.  പ്രവൃത്തിക്കാണ് 42.10 കോടി രൂപ അനുവദിച്ചത്. മൂപ്പിൽ മുതൽ ഇടത്തോട് വരെയുള്ള ഭാഗം കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാലത്ത് 10 കോടി ചിലവിൽ നവീകരിച്ചിരുന്നു. 42.10 കോടി രൂപയിൽ നീലേശ്വരം മേൽപ്പാലം മുതൽ വള്ളിക്കുന്ന് താലൂക്ക് ആശുപത്രി വരെയുള്ള1.350 കി.മി. ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിന് 10.80 കോടി രൂപയാണ് നീക്കിവെച്ചത്. ഭൂമി ഏറ്റെടുക്കൽ നടപടി അവസാന ഘട്ടത്തിലാണ്. പുനരാരംഭിക്കൽ പ്രവൃത്തി കരാറുകാരന്റെ അപേക്ഷയെ തുടർന്ന് കാലവിളംബം ഒഴിവാക്കുന്നതിനായി അനുവദിച്ചു കൊടുത്തിരിക്കയാണ്. 30.06.2022 ന് പ്രവൃത്തി പൂർത്തീകരിക്കണം എന്ന വ്യവസ്ഥയിലാണ് കരാർ പുതുക്കി നല്കിയത്. ഈ റോഡ് പൂർത്തീയാകുന്നതോടെ നീലേശ്വരം നഗരസഭയിലേയും, കിനാനൂർ - കരിന്തളം , കോടോം-ബേളൂർ, ബളാൽ , വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂർ - ചീമേനിപഞ്ചായത്തുകളിലെയും ജനങ്ങൾക്ക്ഏറെ ഗുണം ചെയ്യുന്നതായി മാറും.

No comments