ഇവിടെ പേനകൾ കഥ പറയുന്നു.. ഉപയോഗിച്ച ശേഷം വലിച്ചെറിയാതെ പരപ്പയിലെ ബാലൻ മാഷ് സൂക്ഷിച്ച് വച്ചത് 300ഓളം പേനകൾ
പരപ്പ: സ്റ്റിക്ഈസി ,റെയ്നോൾഡ്, ഹീറോ, ഫ്ലെയർ, ചാർമർ, പെൻടോണിക് ,മോൻടെക്, സെല്ലോ, പാർക്കർ, ക്യാമൽ, ടെക്നോ ടിപ്പ്, ലക്സി,യൂനോമാക്സ്, റോറിറ്റോ, ആർട്ട് ലൈൻ ,ഫ്ലൈമാക്സ്, വിൻമൈസ്റ്റിക്ക്, ഈസി, സെല്ലോ ഗ്രിപ്പർ, ഡോംസ് തുടങ്ങിയ പേന ബ്രാൻഡുകൾ, പരീക്ഷകളുടെ പടവുകൾ എഴുതിക്കയറാൻ അക്ഷരങ്ങളുടെ അപാരതയിലൂടെ ജീവിതവിജയം നേടാൻ ഒരു തലമുറയെ പ്രാപ്തമാക്കിയതിൽ മുഖ്യപങ്കുവഹിച്ചവയാണ്. അത്തരം പേനകളുടെ അപൂർവ്വ ശേഖരം ഇന്നും കാത്തു സൂക്ഷിക്കുകയാണ് പരപ്പയിലെ റിട്ടയേർഡ് അദ്ധ്യാപകനും എഴുത്തുകാരനും ആദ്ധ്യാത്മികാചാര്യനുമായ ബാലൻ മാസ്റ്റർ പരപ്പ.1964-65 വിദ്യാഭ്യാസ വർഷത്തിൽ മൂന്നാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ആദ്യമായി കിട്ടിയ 'അശോക് ' മഷിപ്പേന നിധിപോലെ സൂക്ഷിച്ച കാലം മുതൽ തുടങ്ങിയതാണ് മാഷിന് പേനയോടുള്ള ഭ്രമം. ഉപയോഗിച്ച് മഷി തീർന്ന പേനകൾ വലിച്ചെറിയാതെ സൂക്ഷിച്ചു വെച്ചു. ഇന്നിപ്പോൾ ഉപയോഗിച്ച മുന്നൂറോളം പേനകളുടെ ശേഖരമുണ്ട് ബാലൻ മാഷിൻ്റെ കൈവശം. കൂടാതെ സ്റ്റാമ്പുകൾ, നാണയങ്ങൾ, കറൻസികൾ, പഴയ കാല പാഠപുസ്തകങ്ങൾ, 42 വർഷം മുമ്പ് മുതലുള്ള കല്ല്യാണക്കുറികൾ, നോട്ടീസുകൾ, സോവനീറുകൾ,ബുക്ക് ലെറ്റുകൾ തുടങ്ങിയവയുടേയും വലിയ ശേഖരവുമുണ്ട്. ''പരപ്പ ഒരു ഗ്രാമത്തിൻ്റെ പാഠഭേദം '' എന്നതടക്കം നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. പരപ്പ, മാലോത്ത് കസബ, എടനീർ, കുണിയ, ചുള്ളി, ബാവിക്കര, ബാനം, ചാമുണ്ഡിക്കുന്ന് എന്നീ സ്ഥലങ്ങളിലെ സർക്കാർ വിദ്യാലയത്തിലെ ആദ്ധ്യാപനത്തിനു ശേഷം വിശ്രമജീവിതം നയിക്കുന്ന ബാലൻ മാഷ് മുഴുവൻ സമയ സമാജ സേവകനായും ,വാഗ്മിയായും ,അദ്ധ്യാത്മിക ആചാര്യനായും കർമ്മരംഗത്ത് തുടരുന്നു.
malayoram flash special news story
No comments