Breaking News

പയ്യന്നൂര്‍ ജോ. ആര്‍.ടി.ഒ ഓഫീസ് അഴിമതിയില്‍ മുങ്ങിയെന്ന് വിജിലന്‍സ്


പയ്യന്നൂർ: ഉദ്ഘാടനം കഴിഞ്ഞ് കേവലം ഒരു വർഷം മാത്രമായ പയ്യന്നൂർ സബ് റീജണൽ ആർ.ടി. ഓഫീസിനെപ്പറ്റിയുയർന്നത്‌ നിരവധി പരാതികളാണ്. ഒരുവർഷത്തിനിടയിൽ 35 കോടിയോളം രൂപയുടെ വരുമാനമുണ്ടാക്കിയ ഈ സ്ഥാപനത്തിന്റെ മറവിൽ അതിനേക്കാൾ കൂടുതൽ പണത്തിന്റെ ഇടപാടുകൾ കൈക്കൂലിയിനത്തിൽ നടക്കുന്നുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത്.


കഴിഞ്ഞ വർഷം സെപ്റ്റംബർ 29-നാണ് പയ്യന്നൂരിലെ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് ഉദ്ഘാടനം ചെയ്തത്. മോട്ടോർവാഹനവകുപ്പിലെ അനാരോഗ്യകരമായ പ്രവണതകളും ദുഷ്‌പേരും മാറ്റിയെടുക്കാൻ കഴിഞ്ഞുവെന്നായിരുന്നു മുഖ്യമന്ത്രി ഓൺലൈനിൽ ഈ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ ഈ വാക്കുകളെ തകിടംമറിച്ചുള്ള വഴിവിട്ട ഇടപാടുകളാണ് ഇവിടെ നടന്നിരുന്നതെന്ന് കഴിഞ്ഞ ദിവസത്തെ വിജിലൻസ് പരിശോധനയിലൂടെ വ്യക്തമായി.


നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഓഫീസ് കേന്ദ്രീകരിച്ച് വിജിലൻസ് നിരീക്ഷണം കർശനമാക്കിയത്. പൊതുജനങ്ങളിൽനിന്നും ഏജന്റുമാരിൽനിന്നും പണം വാങ്ങി കൃത്യമായ പരിശോധനകൾ നടത്താതെ സർട്ടിഫിക്കറ്റുകൾ നൽകുന്നെന്ന ആക്ഷേപങ്ങൾക്കുപുറമേ, ടാക്സിക്കാരിൽനിന്ന്‌ പണം ചോദിച്ചുവാങ്ങി രേഖകൾ നൽകുന്നെന്നും പരാതികളുണ്ടായിരുന്നു.


പരാതികൾ വ്യാപകമായതോടെയാണ്‌ പയ്യന്നൂർ എസ്.ആർ.ടി. ഓഫീസ് കേന്ദ്രീകരിച്ച് വിജിലൻസ് നിരീക്ഷണം കർശനമാക്കിയത്.


പിന്നാലെയാണ് വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ സംഭവത്തിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി.പ്രസാദി(43)നെ വിജിലൻസ് സംഘം തിങ്കളാഴ്ച അറസ്റ്റുചെയ്തത്.


ഏജന്റ് മുഖാന്തരം നൽകിയ കൈക്കൂലിയായ 6000 രൂപ ഇയാൾ വാങ്ങുകയായിരുന്നു എന്നതിന് തെളിവുലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇയാളിൽനിന്ന്‌ വാഹനങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ചെയ്ത കോപ്പികൾ കണ്ടെടുത്തിട്ടുണ്ട്. വിജിലൻസ് സംഘം ഇയാളെ മുൻപ്‌ താക്കീത് ചെയ്തിരുന്നു. ഓഫീസിലെ പരിശോധനയ്ക്ക് ശേഷം വീട്ടിൽ വിജിലൻസ് സംഘം രാത്രി തന്നെ പരിശോധന നടത്തി. ഇവിടെനിന്ന് 69,500 രൂപയും അടുത്തകാലത്ത് സ്വത്ത് വാങ്ങിയതിന്റേയും മറ്റ് രേഖകളും കണ്ടെത്തി. ഇവയുടെ ഉറവിടമുൾപ്പെടെ വിജിലൻസ് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്‌.

No comments