Breaking News

പാൽ കൂടാൻ പശുവിന് ചോക്ലേറ്റ്; കണ്ടെത്തലുമായി വെറ്റിനറി സർവകലാശാല


പശുവിന് പുല്ല് കൊടുക്കാം. പക്ഷേ, ചോക്ലേറ്റ് കൊടുക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ ഭൂരിഭാഗം പേർക്കും സംശയമുണ്ടാകും. എന്നാൽ പശുക്കൾക്ക് ചോക്ലേറ്റ് നൽകുന്നത് ഗുണം ചെയ്യുമെന്നാണ് മധ്യപ്രദേശിലെ വെറ്റിനറി സർവകലാശാല പറയുന്നത്. ചോക്ലേറ്റ് നൽകുന്നതിലൂടെ പാലുൽപ്പാദനവും പ്രത്യുൽപ്പാദനശേഷിയും വർധിക്കുമെന്നാണ് സർവകലാശാല കണ്ടെത്തിയിരിക്കുന്നത്. മധ്യപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാനാജി ദേശ്മുഖ് വെറ്റിനറി സർവകലാശാലയാണ് വിചിത്ര വാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കന്നുകാലികൾക്ക് നൽകുന്ന പുല്ലിന് ക്ഷാമം നേരിട്ടാൽ കർഷകർക്ക് പ്രത്യേകം തയ്യാറാക്കിയ ചോക്ലേറ്റ് അവരുടെ കന്നുകാലികൾക്ക് നൽകാമെന്നും സർവകലാശാല വൈസ് ചാൻസലർ എസ്.പി തിവാരി പറഞ്ഞു. സംസ്ഥാന സർക്കാരുമായി ചേർന്ന് കർഷകർക്ക് ഇത്തരത്തിലുള്ള ചോക്ലേറ്റ് വിതരണം ചെയ്യുമെന്നും കൂടാതെ ചോക്ലേറ്റിന്റെ ഉത്പാദനം കർഷകർക്ക് പഠിപ്പിച്ച് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 500 ഗ്രാം ഭാരമുള്ള ചോക്ലേറ്റിന് 25 രൂപയാണ് വില. കാലിത്തീറ്റ ഉണ്ടാക്കാനായി സാധാരണ ഉപയോഗിക്കുന്ന ശർക്കര, ഉപ്പ്, ചുണ്ണാമ്പ്, എന്നിവ തന്നെയാണ് ചോക്ലേറ്റ് ഉണ്ടാക്കാനും ഉപയോഗിക്കുന്നത്.

No comments