Breaking News

റാണിപുരത്ത് എത്തുന്ന സഞ്ചാരികൾക്ക് പലഹാരങ്ങളുടെ രുചിവൈവിധ്യം പകർന്ന് കുടുംബശ്രീ


രാജപുരം: കോടമഞ്ഞിൽ കുളിച്ച റാണിപുരത്തിൻ്റെ സൗന്ദര്യം ആവോളം ആസ്വദിച്ച്  മടങ്ങുന്നവർക്ക്  വൈവിധ്യ വിഭവങ്ങളുടെ രുചിയും നുകരാം. സ്വയം പര്യാപ്ത ഗ്രാമങ്ങളുണ്ടാക്കുന്നതിൻ്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ആരംഭിച്ച പലഹാര ഫെസ്റ്റിന് റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിന് പുത്തനുണർവ് പകർന്നു. ഇത് വിനോദസഞ്ചാരികൾക്ക് ഏറെ ആശ്വാസം പകർന്നതോടൊപ്പം അവരെ രുചിക്കൂട്ടുകളുടെ വൈവിധ്യ തലങ്ങളിലെത്തിച്ചു. നൽകി കുടക് മലനിരകളുടെ തുടർച്ചയായ റാണിപുരത്തെത്തിയ  സഞ്ചാരികൾക്ക് കൂർഗ് (കുടക് ) കാപ്പിയും പുതിയ അനുഭവമായി. ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച പലഹാരം ഫെസ്റ്റ് രണ്ട് ദിവസം പിന്നിട്ടപ്പോൾ  ആയിരത്തിലധികം പേർ സന്ദർശിച്ചു. അരലക്ഷത്തിലധികം വിറ്റുവരവുമുണ്ടായി. കൂൺ ബിരിയാണി, കൂൺ കട്ലറ്റ്, ഹോളിക എന്നീ വിഭവങ്ങൾ ഏറെ സ്വാദിഷ്ടമുള്ളതായപ്പോൾ കപ്പയും ചിക്കനും കഴിക്കുവാൻ വലിയ തിരക്കാണനുഭവപ്പെട്ടത്.  വിനോദസഞ്ചാരകേന്ദ്രത്തിതിൽ സ്വാദിഷ്ട ഭക്ഷണം കൂടി ലഭിച്ചപ്പോൾ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കുടുംബശ്രീ പലഹാര ഫെസ്റ്റിന് കഴിഞ്ഞു. കൂൺ വിഭവങ്ങൾക്ക് പുറമെ കുടുംബശ്രീയുടെ തനത് ഉൽപ്പന്നമായ മാ ബ്രാൻ്റ്  അച്ചാറുകളും ഇവിടെ വിൽപ്പനയ്ക്കുണ്ട്.     വൈകുന്നേരങ്ങളിൽ തണുപ്പ് കൂടുന്നതോടെ ചായ, കാപ്പി പരിപ്പുവട എന്നിവയ്ക്കും വലിയ ഡിമാൻ്റാണുണ്ടാകുന്നതെന്ന് സംഘാടകർ പറഞ്ഞു.    പലഹാര ഫെസ്റ്റിന് നല്ല പ്രതികരണം വന്നതോടെ ഇവിടെ സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്നതിനെ കുറിച്ചും ആലോചന ഉയർന്നു വന്നിട്ടുണ്ട്.   ഫെസ്റ്റ് പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു സി. ഡി.എസ് ചെയർപേഴ്സൺ സി മാധവി  അധ്യക്ഷത വഹിച്ചു

No comments