Breaking News

ഇന്ധനവിലക്കുറവ് ; തലശ്ശേരിയിൽ നിന്നും മാഹിയിലേക്ക് വാഹനങ്ങളുടെ ഒഴുക്ക്


വിലയിലുള്ള വലിയ വ്യത്യാസത്തെ തുടര്‍ന്ന്​  മാഹിയിലേക്ക്​ ഇന്ധനം നിറക്കാന്‍ വാഹനങ്ങളുടെ ഒഴുക്ക്. കേന്ദ്ര സര്‍ക്കാറിന് പിന്നാലെ പുതുച്ചേരിയിലും വാറ്റ് നികുതി കുറച്ചതോടെയാണ് മാഹി മേഖലയില്‍ ഇന്ധനവില വലിയ തോതില്‍ കുറഞ്ഞത്. ഇതുകാരണം സ്വകാര്യ ബസ്സുകളും ദീര്‍ഘദൂര വാഹനങ്ങളും മാഹിയില്‍ നിര്‍ത്തിയാണ് ഇപ്പോള്‍ ഇന്ധനം നിറക്കുന്നത്. പെട്രോളിന് 92.52 രൂപയും ഡീസലിന് 80.94 രൂപയുമാണ് മാഹിയിലെ വെള്ളിയാഴ്ചത്തെ വില. അതേസമയം, മാഹിക്ക് തൊട്ടടുത്ത തലശ്ശേരി നഗരത്തില്‍ ഇപ്പോഴും പെട്രോള്‍ വില നൂറിന് മുകളില്‍ തുടരുകയാണ്.


പെട്രോളിന് 104 രൂപ 44 പൈസയും ഡീസലിന് 91 രൂപ 71 പൈസയുമാണ് കണ്ണൂര്‍ ജില്ലയിലെ വെള്ളിയാഴ്ചത്തെ വില. ഡീസലിന് 18.92 രൂപയും പെട്രോളിന് 12.80 രൂപയുമാണ് പുതുച്ചേരിയില്‍ കേന്ദ്ര നികുതിയിലെ ഇളവിനെ തുടര്‍ന്ന്​ വില കുറച്ചത്. കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതി കുറച്ചതോടെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പുതുച്ചേരിയും നികുതി കുറച്ചത്. മാഹിയില്‍ ഇന്ധനവില കുറഞ്ഞത് വലിയ തോതില്‍ ആശ്വാസകരമാണെന്നാണ് തലശ്ശേരി മേഖലയിലെ മോട്ടോര്‍ തൊഴിലാളികള്‍ പറയുന്നത്​. പുതുച്ചേരി സര്‍ക്കാര്‍ ചെയ്തതുപോലെ കേരള സര്‍ക്കാറും ഇന്ധനത്തി‍ന്റെ എക്‌സൈസ് തീരുവ കുറക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

No comments