'പനത്തടിയിൽ കമുക്, തെങ്ങ് കർഷകർക്കുള്ള ജൈവവള സബ്സിഡി വെട്ടിക്കുറച്ച നടപടി പുന:പരിശോധിക്കണം': ബി.ജെ.പി പനത്തടി കൃഷിഭവന് മുന്നിൽ നാളെ ബിജെപി ധർണ്ണ
രാജപുരം: പനത്തടി ഗ്രാമപഞ്ചായത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ കമുക്, തെങ്ങ് കർഷകർക്ക് ലഭിക്കേണ്ട ജൈവവള സബ്സിഡി വെട്ടിക്കുറച്ച പഞ്ചായത്ത് ഭരണസമിതിയുടെ നടപടി പുന:പരിശോധിച്ച് മുഴുവൻ സബ്സിഡി തുകയും അനുവദിക്കണമെന്ന് ബി.ജെ.പി പനത്തടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ജൈവവളത്തിന് 75% സബ്സിഡി അനുവദിക്കും എന്ന് പറഞ്ഞാണ് പഞ്ചായത്ത് കൃഷിഭവൻ മുഖാന്തിരം കർഷകരിൽ നിന്ന് അപേക്ഷ സ്വീകരിച്ചത്.ഇതിൻ പ്രകാരം വളം വാങ്ങി ബില്ല് നൽകിയ കർഷകർ തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയപ്പോഴാണ് തങ്ങൾക്ക് ലഭിച്ച തുക പഞ്ചായത്ത് നേരത്തേ പറഞ്ഞതിൽ നിന്നും വളരെ കുറവാണ് എന്ന് മനസ്സിലായത്.പണം ലഭിച്ച കർഷകർ പരാതിപെട്ടപ്പോൾ മാത്രമാണ് ഭരണസമിതിയിലെ അംഗങ്ങൾ പോലും സബ്സിഡി തുക വെട്ടിക്കുറച്ച കാര്യം അറിഞ്ഞത്.
കർഷകർക്ക് ലഭിക്കേണ്ട സബ്സിഡി തുക വെട്ടിക്കുറച്ച പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം പുന:പരിശോധിച്ച് മുഴുവൻ സബ്സിഡി തുകയും എത്രയും പെട്ടെന്ന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 19 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പനത്തടി കൃഷിഭവൻ ധർണ്ണ നടത്താൻ തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ കമ്മറ്റിയംഗം പി.രാമചന്ദസറളായ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ, മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ ജയറാം മാസ്റ്റർ, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ആർ.സൂര്യനാരായണ ഭട്ട്, ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.കെ സുരേഷ്, ഭാസ്ക്കരൻ കാപ്പിത്തോട്ടം, വി.കൃഷ്ണൻകുട്ടി നായർ, പി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
No comments