Breaking News

പരാതിപരിഹാരത്തിന് പുതിയ മാതൃക.. വെള്ളരിക്കുണ്ട് ജനമൈത്രി പോലീസും ലയൺസ് ക്ലബ്ബും കൈകോർത്ത് മുണ്ടപ്ലാവ് കോളനിയിലേക്ക് സ്നേഹവഴി തുറന്നു..


 വെള്ളരിക്കുണ്ട്: കാസർകോട് ജില്ലാ പോലീസ് മേധാവിയുടെയും കാഞ്ഞങ്ങാട് ഡിവൈഎസ്പി യുടെയും നിർദ്ദേശപ്രകാരം വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ഓഫ് പോലീസ് എൻ.ഒ സിബി, സബ്ഇൻസ്പെക്ടർ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ജനമൈത്രി പോലീസും വെള്ളരിക്കുണ്ട് ലയൺസ് ക്ലബ്ബും കൈകോർത്തപ്പോൾ മുണ്ടപ്ലാവിലെ വൃദ്ധദമ്പതികളായ പ്രൊഫസർ ലൂയിസ് ഡി റോസിനും ഭാര്യ ലില്ലികുട്ടിക്കും, ദുർഘടം പിടിച്ച വഴികളിലൂടെ മാത്രം യാത്ര ചെയ്ത പ്രദേശവാസികൾക്കും നടവഴി എന്ന സ്വപ്നം യാഥാർത്ഥ്യമായി. ഇനി ഇവർക്ക് ഇതുവഴി സ്വതന്ത്രമായി നടക്കാം. അപകടത്തിൽപ്പെട്ട് ഇരുകാലുകളും പരിക്കുപറ്റിയ പ്രൊഫസർ ലൂയിസും ശാരീരിക അവശതകൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഭാര്യ ലില്ലി കുട്ടിയും  വഴിയില്ലാതെ വഴിമുട്ടിയപ്പോൾ  പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസും ജനങ്ങളും കൈകോർത്തപ്പോൾ വഴിയില്ലാകഥ പഴങ്കഥയായി മാറി. ഒരു പരാതിയെ എങ്ങനെ ക്രിയാത്മകമായി പരിഹരിക്കാം എന്ന വലിയ സന്ദേശവും മാതൃകയുമാണ് വെള്ളരിക്കുണ്ട് പോലീസ്  കാട്ടിത്തന്നത്. വെള്ളരിക്കുണ്ട് ലയൺസ് ക്ളബ്ബ് പ്രവർത്തകരായ മധുസൂദനൻ കൊടിയംകുണ്ട്, ഇമ്മാനുവൽ ഉഴുത്തുവാൽ,സാബു കോനാട്ട്, സാബു ജോസഫ് കാഞ്ഞമല എന്നിവർ നേരിട്ട് നിർമ്മാണത്തിൽ സഹകരിച്ചു. കോൺട്രാക്ടർമാരായ സാബു,ബിജു എന്നിവർ വഴി നിർമ്മാണത്തിനായി തൊഴിലാളികളെ വിട്ടു നൽകി. മുണ്ടപ്ലാവ് കോളനിയിലെ സതീശൻ,കൃഷ്ണൻ, കൊട്ടൻ എന്നിവരും നിർമ്മാണ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.


പ്രദേശവാസികളെ സാക്ഷിനിർത്തി കാസർഗോഡ് ജില്ലാ പോലീസ് മേധാവി രാജീവ് കെ.ബി ഐ.പി.എസ് നടപ്പാതയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഡിവൈഎസ്പി ഡോ.വി ബാലകൃഷ്ണൻ, ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം, വൈസ് പ്രസിഡണ്ട് എം.രാധാമണി, മെമ്പർ ജോസഫ് വർക്കി, പോലീസ് ഇൻസ്പെക്ടർ എൻ.ഒ സിബി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

No comments