നീണ്ട ഇടവേളയ്‌ക്ക് ശേഷം റബ്ബർ വില 200 രൂപയിലേയ്‌ക്ക് അടുക്കുന്നു ; പ്രതികൂല കാലാവസ്ഥയിൽ സന്തോഷിക്കാൻ വകയില്ലാതെ മലയോരത്തെ റബ്ബർ കർഷകർ
വെള്ളരിക്കുണ്ട് : വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം റബ്ബർ വില 200 രൂപയിലേയ്‌ക്ക് അടുക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാന റബ്ബർ വിപണികളായ വെള്ളരിക്കുണ്ട്, ഇരിട്ടി എന്നിവിടങ്ങളിൽ 190 രൂപയാണ് ആർ എസ് എസ്-4 ഷീറ്റിന്റെ വില. എന്നാൽ കോട്ടയം മാർക്കറ്റിൽ 188 രൂപയാണ്. വരും ദിവസങ്ങളിൽ വില 200 ൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിൽ 95 രൂപയിലേക്ക് റബ്ബർ വില കൂപ്പുകുത്തിയിരുന്നു. ആ നിലയിൽ നിന്നു 200 രൂപയിലേയ്‌ക്ക് അടുത്തുകൊണ്ടിരിക്കുന്നത് മലയോരത്ത് വലിയ ആഹ്ലാദത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം റബ്ബർ പാലുൽപ്പാദനത്തിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. പ്രതികൂല കാലാവസ്ഥയും ടാപ്പിംഗ് തൊഴിലാളികളെ കിട്ടാത്തതും ആണ് ഉൽപ്പാദനക്കുറവിന് പ്രധാന കാരണം. നവംബർ മാസങ്ങളിലാണ് പുലുൽപ്പാദനം ഏറ്റവും കൂടുന്ന സീസൺ. എന്നാൽ മഴ തുടരുന്നതിനാൽ പ്ലാസ്റ്റിക് കുട ഇടാത്ത തോട്ടങ്ങളിലെ ടാപ്പിംഗ് എന്നു തുടങ്ങാനാകുമെന്ന് ഉറപ്പാക്കാനാകാതെ വിഷമിക്കുകയാണ് കർഷകർ. ഇറക്കുമതി കുറഞ്ഞതും കോവിഡ് പ്രതിരോധ മേഖലയിൽ റബ്ബർ ഉൽപ്പന്നങ്ങളുടെ ആവശ്യം വർധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായി പറയപ്പെടുന്നത്.
No comments