Breaking News

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം വര്‍ധിക്കും; 2030 ഓടെ 60 ലക്ഷമായി ഉയരുമെന്ന് പഠനം


സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് പഠനം. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കീഴിലെ ഇവാല്വേഷന്‍ വിഭാഗത്തിന്റെ പഠനം പറയുന്നത് പ്രകാരം എട്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ അതിഥി തൊഴിലാളികളുടെ എണ്ണം 60 ലക്ഷത്ത്ിനോടുക്കും. ഈ സമയത്ത് കേരളത്തിലെ ജനസംഖ്യ 3.60 കോടിയായിരിക്കും. മികച്ച തൊഴിലിടവും സാമൂഹിക അന്തരീക്ഷവുമാണ് കേരളത്തിലേക്ക് അതിഥി തൊഴിലാളികളെ ആകര്‍ഷിക്കുന്നത്. തൊഴിലവസരങ്ങള്‍ കൂടിയാല്‍ അതിനനുസരിച്ച് ഇതരസംസ്ഥാനക്കാരുടെ വരവും കൂടും.

നിലവില്‍ കേരളത്തില്‍ കുടുംബവുമായി കഴിയുന്ന ഇതര സംസ്ഥാനക്കാരുടെ എണ്ണം 10.3 ലക്ഷത്തോളമാണ്. ഇത് 2025 ല്‍ 13.2 ലക്ഷമാവും. 2030 ല്‍ 44 ലക്ഷമായി വര്‍ധിക്കും. നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ പണിയെടുക്കുന്നത് നിര്‍മാണ മേഖലയിലാണ്. 17.5 ലക്ഷം പേര്‍. ഉല്‍പാദന മേഖലയില്‍6.3 ലക്ഷം പേരും. കാര്‍ഷിക അനുബന്ധ മേഖലയില്‍ 3 ലക്ഷം പേരും ഹോട്ടല്‍ മേഖലയില്‍ 1.7 ലക്ഷം പേരും ജോലി ചെയ്യുന്നു.

No comments