Breaking News

മകളുടെ പ്രണയവിവാഹം നടത്താൻ സഹായിച്ച യുവാവിനെ ക്വട്ടേഷൻ നൽകി അപായപ്പെടുത്താൻ ശ്രമിച്ച കേസ്; മാതാപിതാക്കളടക്കം ഏഴുപേർ അറസ്റ്റിൽ


കോഴിക്കോട്  :മകളുടെ പ്രണയവിവാഹം നടത്താന്‍ സഹായിച്ച യുവാവിനെ ക്വട്ടേഷന്‍ നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മാതാപിതാക്കളടക്കം ഏഴുപേര്‍ അറസ്റ്റില്‍. തലക്കുളത്തൂര്‍ പാലോറ മൂട്ടില്‍ അനിരുദ്ധന്‍, ഭാര്യ അജിത, നടുവിലക്കണ്ടി വീട്ടില്‍ സുഭാഷ് ബെന്നി, സൗപര്‍ണിക വീട്ടില്‍ അരുണ്‍, കണ്ടംകയ്യില്‍ വീട്ടില്‍ അശ്വന്ത്, അന്നശേരി കണിയേരീ മീത്തല്‍ അവിനാഷ്, പുലരി വീട്ടില്‍ ബാലു പ്രണവ് എന്നിവരെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

അജിതയുടെയും അനിരുദ്ധന്റെയും പരിയാരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയായിരുന്ന മകള്‍ ജാനറ്റ് ബന്ധുവായ സ്വരൂപുമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. ഇത് വകവയ്ക്കാതെ ജാനറ്റ് സ്വരൂപിനെ രജിസ്റ്റര്‍ വിവാഹം ചെയ്തു. പഠനം കഴിഞ്ഞാലുടന്‍ ജാനറ്റ് സിംഗപ്പൂരില്‍ സ്വരൂപിന്റെയടുത്തേക്ക് പോകുമെന്ന് മനസ്സിലാക്കിയതോടെയാണ് മാതാപിതാക്കള്‍ പ്രതികാരത്തിന് മുതിര്‍ന്നത്. വിവാഹത്തിനും യാത്രയ്ക്കും സൗകര്യംചെയ്ത സ്വരൂപിന്റെ സഹോദരീ ഭര്‍ത്താവ് റിനീഷിനെ കൊലപ്പെടുത്താന്‍ അയല്‍വാസികൂടിയായ സുഭാഷ് ബെന്നിക്ക് ക്വട്ടേഷന്‍ നല്‍കി. അരുണ്‍, അശ്വന്ത്, അവിനാഷ്, ബാലു പ്രണവ് എന്നിവരുടെ സഹായത്തോടെ റിനീഷിനെ വകവരുത്താന്‍ പദ്ധതിയിട്ടു. തലക്കുളത്തൂര്‍ കേരള ഗ്രാമീണ്‍ ബാങ്കില്‍ സ്വര്‍ണം പണയംവച്ച പണം അനിരുദ്ധനും അജിതയും സുഭാഷ് ബെന്നിക്കും അരുണിനും കൈമാറി. 

ഡിസംബര്‍ ഒന്നിന് പാലോറ മലയില്‍ ഒത്തുചേര്‍ന്ന ക്വട്ടേഷന്‍ സംഘം കോവൂരിലുള്ള റിനീഷിന്റെ കടയ്ക്ക് സമീപമെത്തി. കടയടച്ച് പുറത്തിറങ്ങിയ റിനീഷിനെ രണ്ട് ബൈക്കുകളിലായി സംഘം പിന്തുടര്‍ന്നു. വാപ്പോളിത്താഴം കയ്യാലത്തൊടി റോഡിലെത്തിയപ്പോള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും വെട്ടുകയുമായിരുന്നു. 

സംഭവത്തിനുശേഷം രക്ഷപ്പെട്ട സംഘം പൊള്ളാച്ചി, പെരിന്തല്‍മണ്ണ, കൊച്ചി എന്നിവിടങ്ങളിലായി ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം പ്രതികള്‍ നാട്ടിലെത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. വ്യാഴം രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നേരത്തെ ആലപ്പുഴയിലുള്ള സംഘത്തിനും അനിരുദ്ധന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നു. സുഭാഷ് മുഖേന 25,000 രൂപ മുന്‍കൂറായും നല്‍കി. മറ്റൊരു ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘം തിരികെ പോയതോടെ ലക്ഷ്യം പാളി. തുടര്‍ന്നാണ് പുതിയ സംഘത്തെ ദൗത്യമേല്‍പ്പിച്ചത്.

അസി. കമീഷണര്‍ കെ സുദര്‍ശന്‍, ചേവായൂര്‍ ഇന്‍സ്പെക്ടര്‍ കെ ചന്ദ്രമോഹന്‍, എസ്ഐമാരായ ഷാന്‍, അഭിജിത്ത്, രഘുനാഥന്‍, എഎസ്ഐ സജി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജീവ് പാലത്ത്, ശ്രീരാഗ്, റോഷ്ണി, സുമേഷ്, പ്രസീത്, മഞ്ജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

No comments