Breaking News

പ്രതീക്ഷയുടെയും ആഘോഷങ്ങളുടെയും പുതുവർഷം; എന്താണ് പുതുവർഷ ദിനത്തിന്റെ ചരിത്രം…


കൊവിഡ് പിടിമുറുക്കുന്നതിന് മുമ്പ് വളരെ വിപുലമായാണ് പുതുവർഷത്തെ നമ്മൾ വരവേറ്റിരുന്നത്. ഇന്ന് വ്യാപകമായി പ്രചാരത്തിലുള്ള ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി മാസത്തിലെ ആദ്യ ദിവസം പല രാജ്യങ്ങളിലും അവധി ദിവസമാണ്. മിക്ക രാജ്യങ്ങളിലെയും പുതുവത്സര ആഘോഷം അവരുടെ സംസ്കാരവും പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പാർട്ടികൾ, കുടുംബ കൂട്ടായ്മകൾ, ഒത്തുചേരലുകൾ, നൃത്തം അങ്ങനെ തുടങ്ങി തലേ ദിവസം മുതൽ ആരംഭിക്കുന്ന ചടങ്ങുകൾ ജനുവരി ഒന്ന് അർധരാത്രിയോടെയാണ് സമാപിക്കുന്നത്. പുതിയ വസ്ത്രം ധരിച്ചും പാട്ടു പാടിയും പരസ്പരം ആശംസകൾ നേർന്നും ലോകം മുഴുവൻ പുതുവത്സരം കൊണ്ടാടുന്നു. കൂടാതെ, മതവിഭാഗങ്ങൾ അവരുടെ മതപരമായ ചടങ്ങുകൾ വിപുലീകരിക്കുകയും ആരാധനാലയങ്ങളിൽ ഒത്തു കൂടുകയും ചെയ്യാറുണ്ട്.

ലോകം മുഴുവനും ആഘോഷമാക്കുന്ന പുതുവത്സരത്തിന്റെ ചരിത്രം എന്ത്?

4000 വർഷങ്ങൾക്ക് മുമ്പ് മെസപ്പൊട്ടോമിയയിലെ ബാബിലോൺ നഗരത്തിലാണ് ആദ്യമായി പുതുവത്സര ദിനാഘോഷം നടന്നത്. റോമൻ രാജാവായ നുമാ പോംപിലിയസ് തന്റെ ഭരണകാലത്ത് (ക്രി.മു. 715–673) റോമൻ റിപ്പബ്ലിക്കൻ കലണ്ടർ പരിഷ്കരിച്ചു. അങ്ങനെ ജനുവരിയെ ആദ്യ മാസമാക്കി മാറ്റി. BCE 46-ൽ ജൂലിയസ് സീസറും കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്നു. ആധുനിക ഗ്രിഗോറിയൻ കലണ്ടറിനോട് സാമ്യമുള്ള ജൂലിയൻ കലണ്ടർ അങ്ങനെയാണ് നിലവിൽ വന്നത്. എന്നിരുന്നാലും ജൂലിയൻ കലണ്ടർ വർഷത്തിന്റെ ആരംഭ തിയതിയായി ജനുവരി 1 നെ നിലനിർത്തി. ഗ്രിഗേറിയൻ കലണ്ടർ സ്വീകരിക്കുന്നതിന് മുൻപുവരെ ചില സംസ്‌കാരങ്ങളിൽ മാർച്ച് 25 നു ക്രിസ്തുവിന്റെ പ്രഖ്യാപന തിരുനാൾ ദിനം ആയിരുന്നു പുതുവത്സര ദിനമായി കണ്ടിരുന്നത്. പുതുവത്സര ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്ന പാരമ്പര്യം ഏഴാം നൂറ്റാണ്ടിലാണ് ഉത്ഭവിച്ചതെന്നും കരുതപ്പെടുന്നു. കാലക്രമേണ അക്രൈസ്തവ രാജ്യങ്ങളും ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കാൻ തുടങ്ങി. ചില രാജ്യങ്ങൾ ഒരിക്കലും ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചിട്ടില്ല. ഉദാഹരണത്തിന്, എത്യോപ്യ പോലുള്ള രാജ്യങ്ങളിൽ സെപ്റ്റംബർ മാസമാണ് പുതുവത്സരമായി ആഘോഷിക്കുന്നത്.

പിന്നീട് മധ്യകാല യൂറോപ്പിൽ ഡിസംബർ 25 ന്, യേശുക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കാൻ തുടങ്ങിയതോടെ പുതുവർഷത്തിന് കൂടുതൽ മതപരമായ പ്രാധാന്യം ലഭിച്ചു.1582 ൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപ്പാപ്പ ജനുവരി 1 നെ പുതുവത്സര ദിനമായി പുനസ്ഥാപിച്ചു.

പുതുവർഷം ആദ്യമെത്തുന്ന രാജ്യം?

പുതുവർഷ ദിനം ആദ്യം ആഘോഷിക്കുന്നത് ചെറിയ പസഫിക് ദ്വീപ് രാജ്യങ്ങളായ ടോംഗ, സമോവ, കിരിബാത്തി എന്നിവിടങ്ങളിലാണ്. ശേഷം ന്യൂസിലാൻഡ് തുടർന്ന് ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് പുതുവത്സരം ആഘോഷിക്കുന്നത്. ഏറ്റവും ഒടുവിലാണ് മധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ബേക്കേഴ്‌സ് ദ്വീപിൽ പുതുവർഷം എത്തുക.

അതാത് ടൈം സോൺ അനുസരിച്ച് ജനുവരി 1 പുലർച്ചെ വരെ ആഘോഷങ്ങൾ തുടരും. പ്രിയപ്പെട്ടവരെ കാണാനും ആഘോഷിക്കാനും ഉല്ലസിക്കാനും സമ്മാനങ്ങൾ കൈമാറാനും പുതുവർഷപ്പുലരി പ്രയോജനപ്പെടുത്തുന്നു. പലയിടങ്ങളിലും പുതുവത്സരദിനം അവധി ദിവസം കൂടിയാണ്.

No comments