Breaking News

പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി


ആറ്റിങ്ങലില്‍ പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ നേരിട്ട പെൺകുട്ടിക്ക് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. 25000 രൂപ കോടതി ചെലവും നല്‍കണം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് ഉദ്യേഗസ്ഥയെ മാറ്റി നിര്‍ത്തണം. ജനങ്ങളുമായി ഇടപെടുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നൽകണമെന്നും കോടതി ഉത്തരവിട്ടു. ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കിയതുപോലെ ഈ കുട്ടിക്കും നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും എട്ട് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പരസ്യമായി വിചാരണ നടത്തിയത് അത്യന്തം അപമാനകരമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. നഷ്ടപരിഹാരം സംബന്ധിച്ച് വിശദീകരണം നൽകാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വനിതാ പൊലീസും കുട്ടിയും വീട്ടുകാരും തമ്മിലുള്ള വിഷയം മാത്രമാണിതെന്നും അതുകൊണ്ടു തന്നെ സർക്കാരിന് നഷ്ടപരിഹാരം നൽകാനാവില്ലെന്നുമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഭരണഘടനയുടെ 21ാം അനുഛേദം അനുസരിച്ച് കുട്ടി നേരിട്ട മൗലികാവകാശ ലംഘനത്തിനെതിരെ സിവിൽ കോടതിയെ സമീപിക്കാമെന്നും സർക്കാർ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഇന്ന് ഉത്തരവിട്ടത്.

No comments