Breaking News

24 മണിക്കൂർ പ്രവർത്തിച്ചിരുന്ന വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസ് സർവ്വീസ് 12 മണിക്കൂറായി ചുരുക്കി പ്രതിഷേധം സമരത്തിനൊരുങ്ങി കല്ലഞ്ചിറ ടൗൺ കോൺഗ്രസ് കമ്മറ്റി


 

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസ് സർവീസ് 24മണിക്കൂർ സേവനം എന്നുള്ളത് 12മണിക്കൂറായി ചുരുക്കിയതിൽ വ്യാപക പ്രതിഷേധം. മലയോര പഞ്ചായത്തുകളായ ബളാൽ,വെസ്റ്റ്എളേരി, കിനാനൂർ കരിന്തളം, കള്ളാർ, കോടോംബേളൂർ എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആകെയുണ്ടായിരുന്ന 108ആംബുലൻസ് സർവീസാണ് ഇപ്പോൾ 12 മണിക്കൂർ സേവനമായി ചുരുക്കിയത്. നിരവധി ആദിവാസി കുടുംബങ്ങൾ ഉൾപ്പടെ പാവപ്പെട്ട ജനവിഭാഗങ്ങൾ താമസിക്കുന്ന കിഴക്കൻ മലയോര പ്രദേശത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സർവീസ് അത്യാവശ്യമാണ്. ബളാൽ ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന വെള്ളരിക്കുണ്ട് പി.എച്ച്.സിയെ പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ശേഷം മലയോരത്ത് ആരോഗ്യ മേഖലയിലെ സമ്പൂർണ്ണ വികസനമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇരുട്ടടിയെന്നോണം 24മണിക്കൂർ സേവനം നിർത്തി വച്ചത് മലയോര ജനങ്ങൾക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. 12 മണിക്കൂർ സേവനത്തോടെയായിരുന്നു വെള്ളരിക്കുണ്ട് പി എച്ച് സിയിൽ 108 ആംബുലൻസ് സർവ്വീസ് ആരംഭിച്ചത് എങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് അത് 24 മണിക്കൂറായി നീട്ടുകയായിരുന്നു. ഇപ്പോൾ കേരളത്തിൽ ഒട്ടാകെ 159ഓളം 108 ആംബുലൻസ് സർവീസുകളുടെ പ്രവർത്തന സമയം കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ്റെ ഉത്തരവ് പ്രകാരം 12 മണിക്കൂറായി ചുരുക്കിയിരിക്കുകയാണ്. എന്നാൽ മറ്റ് സൗകര്യങ്ങൾ ഇല്ലാത്ത മലയോര മേഖലയിൽ 108 ആംബുലൻസ് 24 മണിക്കൂറും പ്രവർത്തിക്കണമെന്നാണ് പൊതുജനാഭിപ്രായം.
വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രത്തിൽ 108 ആംബുലൻസ് 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് കല്ലഞ്ചിറ ടൌൺ കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി കൊണ്ട് പ്രക്ഷോഭ സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി. വി.എം ശിഹാബ് ആധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി സണ്ണി കല്ലുവയലിൽ യോഗം ഉൽഘാടനം ചെയ്തു. നാസർ, കുഞ്ഞമ്പു കുഴിങ്ങാട്, ബേബി കുഞ്ചിറക്കാട്ട്, വി.എം ഷെഫീഖ്, അനിത, കണ്ണൻ പ്രവീൺ എന്നിവർ സംസാരിച്ചു.

No comments