Breaking News

പുകയും പൊടിയും സഹിച്ച് മടുത്തു; കോടോംബേളൂർ വയമ്പിലെ ടാർ മിക്സിംഗ് കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ


ഏഴാംമൈൽ : കോടോംബേളൂർ ഒന്നാം വാർഡ് വയമ്പ് പ്രദേശത്തെ ജനവാസകേന്ദ്രങ്ങളിലൂടെ ടാർ മിക്സിങ് വാഹനങ്ങൾ ചീറി പായുന്നത് നാട്ടുകാർക്ക് ദുരിതമാവുന്നു. സ്ത്രീകളും കൊച്ചു കുട്ടികളും ഉൾപ്പടെ പൊടിയും പുകയും തിന്ന് മടുത്ത സാഹചര്യത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് നാട്ടുകാർ.

യാതൊരു വ്യവസ്ഥയും ഇല്ലാതെ  വയമ്പ് പാറയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ ടാർ മിക്സിങ് പ്ലാന്റിൽ നിന്നും ഒരു ദിവസം നൂറിലേറെ വാഹനങ്ങളാണ് ഇതിലൂടെ ചീറിപായുന്നത്.  പുകയിലും പൊടിയിലും മുങ്ങിയ പ്രദേശത്തെ വായനശാലയിലേക്കും യംങ്ങ്സ്റ്റാർ ക്ലബ്ബിലേക്കും ആളുകൾക്ക് വരാൻ പറ്റാത്ത സ്ഥിതിയിലാണ്. നേരംകാണാതടുക്കം പ്രവർത്തിക്കുന്ന കുടുംബക്ഷേമ ഉപകേന്ദ്രം തുറക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്, അവിടെ വരുന്ന കൊച്ചു കുട്ടികളും അമ്മമാരും മറ്റ് ജീവനക്കാരും ശക്തമായ പൊടി കാരണം വളരെയധികം പ്രയാസപ്പെടുകയാണ്. ടാർ മിക്സിങ് കൊണ്ട് പോകുന്നത് കോടോംബേളൂർ പഞ്ചായത്തിലെയോ തൊട്ടടുത്ത പഞ്ചായത്തിലേയോ നിർമ്മാണ പ്രവർത്തനങ്ങൾക്കല്ല എന്നതാണ് മറ്റൊരു വൈരുദ്ധ്യം. ചെറുവത്തൂർ, പയ്യന്നൂർ ഉൾപ്പെടെ ഉള്ള ദൂരെ സ്ഥലങ്ങളിലേക്കാണ് ഇത് കൊണ്ടു പോകുന്നത്. 700 അടിയിൽ കൂടുതൽ ഉള്ള വലിയ വാഹനങ്ങൾ ഈ ചെറിയ റോഡിലൂടെ സദാസമയവും ചീറി പായുന്നതിനാൽ സ്കൂൾ കുട്ടികൾ അടക്കമുള്ളവർ ജീവഭയത്താലാണ് റോഡിലൂടെ നടന്നു പോകുന്നത്. രാത്രിയിലാണ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ടാർ മിക്സിങ് നടക്കുന്നത്. ടാർ മിക്സിങ് പ്ലാന്റിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഇതിൻ്റെ ഭാഗമായി പ്രദേശവാസികൾ സംഘടിച്ച് ഒപ്പുശേഖരണം നടത്തുകയും  പഞ്ചായത്തിലും ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിലും പരാതിയും കൊടുത്തു കഴിഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുന്ന ഈ ടാർ മിക്സിംഗ് കേന്ദ്രത്തിൻ്റെ ലൈസൻസ് അടക്കം പരിശോധിച്ച് കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments