Breaking News

പൊലീസ് പറഞ്ഞത് എന്നോട് ജീപ്പിൽ കയറാൻ, അക്രമിയോട് ആശുപത്രിയിൽ പോവാൻ പറഞ്ഞു'; നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ബിന്ദു അമ്മിണി


കോഴിക്കോട് ബീച്ചില്‍ തനിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ബിന്ദു അമ്മിണി. മദ്യപിച്ചയാള്‍ വെറുതെ നടത്തിയ ആക്രമണമല്ല. പിന്നില്‍ രാഷ്ട്രീയകാരണങ്ങളുണ്ട്. തന്നെ എവിടെക്കണ്ടാലും ആക്രമിക്കുകയെന്നത് സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനമാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. ബീച്ചില്‍ വെച്ച് തന്നെ ആക്രമിച്ചയാള്‍ ആര്‍എസ്എസുകാരനാണെന്നാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്നും ബിന്ദു അമ്മിണി പറഞ്ഞു. പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും ഇവര്‍ പറയുന്നു.


രസകരമായ സംഭവമെന്നത് പൊലീസെത്തിയത് എന്നെ അറസ്റ്റ് ചെയ്യാനായിരുന്നു വന്നത്. പ്രതിയോട് നിങ്ങള്‍ ആശുപത്രിയില്‍ പോയി അഡ്മിറ്റാവെന്ന് പറഞ്ഞ് പറഞ്ഞ് വിടുകയാണ് ചെയ്തത്. എന്നോട് പൊലീസ് ജീപ്പിലേക്ക് കയറാനാവശ്യപ്പെട്ടപ്പോള്‍ ഞാനതിന് തയ്യാറായില്ല. വാക്കേറ്റം നടത്തിയാണ് ഓട്ടോറിക്ഷയ്ക്ക് വന്നോളാം എന്ന് പറഞ്ഞ് അവിടേക്ക് പോവുന്നത്. എനിക്ക് ശരീരത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. എന്നിട്ടും ചെറിയ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. കേരള പൊലീസില്‍ നിന്ന് ഒരു നീതിയും പ്രതീക്ഷിക്കുന്നില്ല. തനിക്കെതിരെ നടന്ന മുന്‍ ആക്രമണങ്ങളിലും പൊലീസ് കൃത്യമായ നടപടികളെടുത്തിട്ടില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.



ആക്ടിവിസ്റ്റ് ബിന്ദു അമ്മണിയെ ആക്രമിച്ചയാളെ കണ്ടെത്തി. മലപ്പുറം ബേപ്പൂർ സ്വദേശി മോഹൻ ദാസാണ് ആക്രമണം നടത്തിയത്. മത്സ്യത്തൊഴിലാളിയാണ് ഇയാൾ. ആക്രമണത്തിൽ ഇയാൾക്കും നേരിയ പരുക്കേറ്റിട്ടുണ്ട്. വെള്ളയിൽ പൊലീസാണ് മോഹൻ ദാസിനെ കണ്ടെത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നു എന്നും കസ്റ്റഡിയിൽ എടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.





ഇന്നലെ വൈകിട്ടാണ് ആക്രമണമുണ്ടായത്. കോഴിക്കോട് ബീച്ചില്‍ വെച്ച് മദ്യലഹരിയിലായിരുന്ന ഒരാള്‍ തന്നെ ആക്രമിക്കുകയായിരുന്നെന്ന് ബിന്ദു അമ്മിണി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മര്‍ദന ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. തന്നെ മര്‍ദിച്ചയാളെ ബിന്ദു തിരിച്ചും മര്‍ദിക്കുന്നത് ദൃശ്യങ്ങള്‍ കാണാം.


സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു ബിന്ദു അമ്മിണി. ഈ സമയത്താണ് അക്രമമുണ്ടാകുന്നത്. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരസ്പരമുള്ള ആക്രമണത്തിലേക്കെത്തിയത്. കണ്ടാലറിയാവുന്ന ഒരു സംഘമാളുകള്‍തന്നെ അപമാനിക്കുകയും അതിലൊരാള്‍ ആക്രമിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. പൊതുസ്ഥലത്തെ അടിപിടി, സ്ത്രീകള്‍ക്കുനേരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.





No comments