Breaking News

നാല് പേർ എടക്കരയിലെത്തി; ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് കുട്ടികളെയും കണ്ടെത്തി


കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെയും കണ്ടെത്തി. ഇന്നലെയും ഇന്ന് രാവിലെയുമായി രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തിയതിന് പിന്നാലെയാണ് മറ്റ് നാല് പെണ്‍കുട്ടികളെയും കണ്ടെത്തിയത്. മലപ്പുറം എടക്കരയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയിലായിരുന്നു ഇവരെന്നാണ് പുറത്ത് വരുന്ന വിവരം. ബംഗളൂരുനില്‍ നിന്നും ട്രെയിന്‍ മാര്‍ഗം പാലക്കാട് എത്തിയത് എന്നാണ് വിവരം. എടക്കര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഇവരെ ഉടന്‍ കോഴിക്കോട്ടേക്ക് എത്തിക്കും. ഇതിന് ശേഷമായിരിക്കും ഇവരുടെ രക്ഷപ്പെട്ടതിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും.

ബംഗളുരുവിലെ മടിവാളയില്‍ നിന്നായിരുന്നു ആദ്യത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഹോട്ടലില്‍ മുറിയെടുക്കാനെത്തിയ പെണ്‍കുട്ടികളെ ഹോട്ടല്‍ അധികൃതര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെയാണ് രണ്ടാമത്തെ കുട്ടിയെ കണ്ടെത്തുന്നത്. മൈസൂരുവില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയുമാണ് ഈ കുട്ടിയെ കണ്ടെത്തിയത്. സ്വകാര്യബസില്‍ നാട്ടിലേക്കു വരുമ്പോള്‍ മണ്ഡ്യയില്‍ വച്ചാണ് പെണ്‍കുട്ടിയെ പിടികൂടിയത്.

ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അമ്മയുടെ നമ്പര്‍ പെണ്‍കുട്ടി നല്‍കിയതാണ് വഴിത്തിരിവായത്. ബസ് ജീവനക്കാര്‍ വിളിച്ചപ്പോള്‍ അമ്മ ഫോണെടുത്ത് വിവരങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അതേസമയം, ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ നൂറ് രൂപ പോലും പെണ്‍കുട്ടികളുടെ കയ്യില്‍ ഇല്ലായിരുന്നു എന്നും എന്നാല്‍ ഇവര്‍ക്ക് കേരളം വിടാന്‍ എവിടെ നിന്ന് സഹായം ലഭിച്ചെന്നുമാണ് പൊലീസ് പരിശോധിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ബെംഗളൂരുവിലേക്ക് കടക്കാന്‍ പണം നല്‍കി സഹായിച്ചത് സുഹൃത്തുക്കളാണെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ രണ്ട് തവണയായി സുഹൃത്തുക്കളായ യുവാക്കള്‍ പണം ഗൂഗിള്‍ പേ വഴി കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്തിറങ്ങിയ കുട്ടികള്‍ ആദ്യം എത്തുന്നത് കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡിലേക്കാണ്. അവിടെ നിന്നും ഒരു ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നും 500 രൂപ വാങ്ങി. അതിന് ശേഷം സുഹൃത്തിനെ വിളിച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി 500 രൂപ തിരികെ അയച്ചു നല്‍കുകയായിരുന്നു. ഇങ്ങനെയാണ് ബസ് യാത്രക്കുള്ള പണം കണ്ടെത്തിയത്.

No comments