Breaking News

ജവാൻ മദ്യത്തിന്റെ ഉൽപാദനം വർധിപ്പിക്കും; സർക്കാരിന് കത്ത് നൽകി ബെവ്കോ


ജവാൻ മദ്യത്തിന്റെ ഉൽപാദനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി ബെവ്കോ. സർക്കാർ മേഖലയിൽ മദ്യ വിൽപന വർധിപ്പിക്കണമെന്നാണ് ബെവ്കോയുടെ ആവശ്യം. പുതിയ എക്സൈസ് നയത്തിന്റെ ഭാഗമായി ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. മദ്യ ഉൽപദനം വർധിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ ഭാ​ഗത്തു നിന്നും അനുകൂല നിലപാടാണുളളത്. മലബാർ ഡിസ്റ്റലറി തുറക്കണമെന്നും ബെവ്റേജസ് കോർപറേഷൻ ആവശ്യപ്പെട്ടു. നിലവിൽ 4 ലൈനുകളിലായി 7,500 കെയ്സ് ജവാൻ മദ്യമാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്. എന്നാൽ പലയിടത്തും ആവശ്യക്കാർ‌ക്ക് മദ്യം ലഭിക്കുന്നില്ലായെന്ന് ബെവ്കോ ചൂണ്ടിക്കാട്ടി. 6 ഉൽപ്പാദന ലൈനുകൾ കൂടി അനുവദിക്കണമെന്നാണ് ബെവ്കോയുടെ ആവശ്യം. 6 ലൈൻ കൂടി വന്നാൽ പ്രതിദിനം 10,000 കെയ്സ് അധികം ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് ബെവ്കോ കണക്കുകൂട്ടുന്നത്.

തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡാണ് ജവാൻ മദ്യത്തിന്റെ ഉൽപാദകർ‍‌. നിലവിൽ ആവശ്യക്കാർ വർധിച്ചിട്ടുണ്ടെങ്കിലും ഉൽപാദനം വർധിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കമ്പനി. മദ്യ നിർമ്മാണത്തിനായി ഒരു ലൈൻ സ്ഥാപിക്കാൻ തന്നെ 30 ലക്ഷം രൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്. കൂടാതെ മേൽനോട്ടക്കാരെയടക്കം പുതിയ ജീവനക്കാരെ കമ്പനി നിയമിക്കേണ്ടി വരും. ജവാന്റെ 1.50 ലക്ഷം കെയ്സ് മദ്യമാണ് ഒരു മാസം വിൽക്കുന്നത്. ജവാൻ റം പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് ചില്ലുകുപ്പിയിലേക്കു മാറ്റാൻ കമ്പനി ടെൻഡർ വിളിച്ചിട്ടുണ്ട്. ബെവ്റേജസ് കോർപറേഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ മലബാർ ഡിസ്റ്റിലറീസ് തുറക്കാനുളള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എംവി ​ഗോവിന്ദൻ പറഞ്ഞു. മുമ്പ് കിറ്റ്കോ പഠനം നടത്തി ഡിസ്റ്റിലറി തുടങ്ങാനുളള ഭൂമി കണ്ടെത്തിയിരുന്നു. 2018ൽ മലബാർ ഡിസ്റ്റലറിക്കു പ്രവർത്തിക്കാൻ അനുമതി കൊടുത്തെങ്കിലും ബ്രൂവറി വിവാദം ഉണ്ടായപ്പോൾ സർക്കാർ പദ്ധതിയിൽ നിന്നും പിന്തിരിയുകയായിരുന്നു.


No comments