Breaking News

കാഞ്ഞങ്ങാടിന് കൗതുകമായി രതീഷുമാരുടെ സ്‌നേഹസംഗമം രതീഷ് എന്ന് പേരുള്ള 51 പേർ സംഗമത്തിൽ പങ്കെടുത്തു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരം വ്യത്യസ്തമായ സംഗമത്തിന് സാക്ഷിയായി.' രതീഷ് 'പേരില്‍ മാത്രം സമാനതയുള്ള 51 യുവാക്കളാണ് കാഴ്ചക്കാര്‍ക്ക് കൗതുകം പകര്‍ന്ന് കുടുംബസമേതം മേലാങ്കോട്ട് ഒത്തുചേര്‍ന്നത്. കുഞ്ചത്തൂര്‍ മുതല്‍ കാലിക്കടവ് വരെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതേസമയം ഇതേ പേരിലുള്ള ഇരുപത് പേര്‍ ആപ് വഴി വിദേശത്ത് നിന്നും പരിപാടിയില്‍ പങ്കെടുത്തു. പേരില്‍ മാത്രമേ പൊരുത്തമുള്ളൂ. തൊഴിലും നാടും വേഷവും അഭിരുചിയും എല്ലാം വ്യത്യസ്തം. കാഞ്ഞങ്ങാട്ടെ മൂന്ന് രതീഷ്മാരുടെ മനസ്സില്‍ ആറു മാസം മുമ്പ് ഉദയം ചെയ്ത ആശയമാണ് രതീഷുമാരെ കണ്ടെത്തി കൂട്ടായ്മയുണ്ടാക്കുക എന്നത്. അധികം വൈകാതെ അത് പിറവിയെടുക്കുകയും നാട്ടിലും മറുനാട്ടിലുമായി ഇരുനൂറിനടുത്ത് അംഗങ്ങളുള്ള വട വൃക്ഷമായി അത് വളരുകയുമായിരുന്നു. രതീഷ് സൗഹൃദ കൂട്ടായ്മയുടെ ആദ്യ സംഗമമാണ് മേലാങ്കോട്ട് ലയണ്‍സ് ഹാളില്‍ നടന്നത്. തൊട്ടുത്തുള്ള എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ: യു.പി സ്‌ക്കൂള്‍ കോമ്പൗണ്ടില്‍ തെങ്ങിന്‍ തൈ നട്ടു കൊണ്ടായിരുന്നു പരിപായിയുടെ തുടക്കം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നടന്ന സംഗമത്തില്‍ രതീഷുമാരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ജില്ലാ ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ദാക്ഷായണി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ രതീഷ് വിപഞ്ചിക അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും അദ്ധ്യാപികയുമായ സി.പി ശുഭ മുഖ്യപ്രഭാഷണം നടത്തി. ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ഡോ: കൊടക്കാട് നാരായണന്‍, ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ രതീഷ് കുമാര്‍, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡണ്ട് പി.പ്രവീണ്‍ കുമാര്‍, ഗോകുലാനന്ദന്‍ മോനാച്ച, രതീഷ് കാലിക്കടവ്, രതീഷ് കാര്‍ത്തുമ്പി എന്നിവര്‍ സംസാരിച്ചു. സംഗമത്തെ സംഗീതസാന്ദ്രമാക്കി രതീഷ് അമ്പലത്തറയും മറ്റ് അംഗങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

No comments