Breaking News

മലയോരത്ത് അമ്പതിലേറെ ചെക്ക്ഡാമുകൾ പരിചരണമില്ലാതെ നശിക്കുന്നു നാടിനെ ജലസമൃദ്ധമാക്കേണ്ട ചെക്ക്ഡാമുകൾ നശിച്ചാൽ വരൾച്ചയിൽ ദുരിതമാവും


വെള്ളരിക്കുണ്ട്: 1996 മുതലാണ് ഗ്രാമീണ മേഖലയിൽ കൃഷിയിടങ്ങളും കുടിവെള്ള സ്രോതസ്സുകളും എല്ലാം ജലസമ്പുഷ്ടമാക്കാൻ ചെക്ക്ഡാമുകൾ വ്യാപകമായി നിർമ്മിച്ചത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മലയോരത്തെ ചെറുതോടുകളിൽ എല്ലാം മിനിഡാമുകൾ നിർമ്മിച്ചു. ഇങ്ങനെ നിർമിച്ച അറുപതോളം ചെക്ക്ഡാമുകൾ ഇപ്പോൾ മലയോരത്തെ വിവിധ പഞ്ചായത്തുകളിലായി ഉപയോഗശൂന്യമായി കിടക്കുകയാണ്. ചെക്ക്ഡാമുകൾ നശിക്കുന്നതോടൊപ്പം സമീപപ്രദേശത്തെ കിണറുകളിലും മറ്റും വെള്ളം വറ്റുന്ന അവസ്ഥയാണുള്ളത്. തുടക്കത്തിൽ ജലസംഭരണം എന്നതിനപ്പുറം വാഹനങ്ങൾക്ക് കടന്നുപോകാവുന്ന പാലം എന്നനിലയിലാണ് നാട്ടുകാർ ചെക്ക്ഡാമുകളെ കണ്ടത്. പലതും അങ്ങിനെയാണ് നിർമിച്ചതും.അതുകൊണ്ട് തന്നെ തുടക്കത്തിൽ ഉണ്ടായിരുന്ന ആവേശം ഡാമുകളുടെ പരിസരവാസികൾക്ക് പിന്നീട് ഉണ്ടായില്ല. ഓരോ ചെക്ക്ഡാമും നിർമ്മിച്ച ശേഷം സ്ഥലവാസികളെ ഉൾപ്പെടുത്തി സംരക്ഷണ കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. വേനൽ ആരംഭിക്കുന്നതിന് മുൻപേ ഡാമിന് പലകയിട്ട് മണ്ണിടാനുള്ള ഉത്തരവാദിത്വം ഈ കമ്മിറ്റികൾക്കായിരുന്നു. എന്നാൽ അത് ആദ്യവർഷം മാത്രമാണ് കൃത്യമായി നടന്നത്. ഡാമുകൾക്കായി നൽകിയിരുന്ന പലകകൾ പൂർണമായും നശിച്ചു. പുതിയ പലകകൾ കണ്ടെത്താൻ ആരും തയ്യാറാകുന്നില്ല. പഞ്ചായത്തുകളും നടപടി സ്വീകരിക്കുന്നില്ല. ഒരു ചെക്ക്ഡാമിനും ഇപ്പോൾ കമ്മിറ്റികൾ ഇല്ലാതാനും. ഈ വർഷം  കടുത്ത ജലക്ഷാമം ഉണ്ടാകും എന്നാണ് കരുതുന്നത്. നിലവിലുള്ള ചെക്ക്ഡാമുകൾ പലകയിട്ട് ഇപ്പോഴേ ജലം സംഭരിച്ചാലേ ഒരു പരിധിവരെ വെള്ളത്തിന്റെ ക്ഷാമം പരിഹരിക്കാനാകു. ഇല്ലെങ്കിൽ കൊടും വരൾച്ചയിൽ വലിയ ദുരിതമാവും നാട് നേരിടേണ്ടി വരിക.

No comments