Breaking News

പങ്കാളി കൈമാറ്റം; സംശയം തോന്നാതിരിക്കാൻ തന്ത്രം ഇങ്ങനെ; ആയിരത്തോളം പേർക്കായി അന്വേഷണം ഊർജിതം


കോട്ടയം പങ്കാളി കൈമാറ്റ കേസില്‍ അറസ്റ്റിലായവരുടെ ചോദ്യം ചെയ്യലില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. സുഹൃത്തുക്കളുടെ 'വീട്ടിലെ വിരുന്ന്' എന്നതിന്റെ മറവിലാണ് അറസ്റ്റിലായ സംഘം പങ്കാളി കൈമാറ്റങ്ങള്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളടക്കം വിരുന്നിന് എത്തുന്ന കുടുംബങ്ങളെ പ്രദേശവാസികള്‍ സംശയിക്കില്ലെന്ന തന്ത്രമാണ് ഇവര്‍ നടപ്പാക്കിയത്. സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്താണ് ഇവര്‍ കണ്ണികളെ ആകര്‍ഷിക്കുന്നത്. തുടര്‍ന്ന് സ്വകാര്യ ചാറ്റിംഗ് നടത്തും. അടുത്ത ബന്ധം സ്ഥാപിക്കപ്പെട്ടെന്ന് ഉറപ്പായ ശേഷം ലൈംഗിക താല്‍പര്യങ്ങള്‍ അന്വേഷിച്ച് അറിയും. പങ്കാളി കൈമാറ്റത്തിന് താല്‍പര്യമുള്ള വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞാല്‍ രഹസ്യ മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകളില്‍ അംഗങ്ങളാക്കും. തുടര്‍ന്നാണ് വീടുകളിലേക്ക് വിരുന്നിനുള്ള ക്ഷണം. മാസങ്ങളുടെ ഇടവേളകളിലാണ് വിരുന്ന് സംഘടിപ്പിക്കുന്നത്. വിരുന്ന് സംഘടിപ്പിക്കുന്ന വീട്ടിലേക്ക് ഗ്രൂപ്പിലെ മറ്റൊരു കുടുംബം എത്തുന്നു. ഇതിനിടയില്‍ ലൈംഗികബന്ധത്തിന് തന്ത്രപരമായി സൗകര്യങ്ങളൊരുക്കി നല്‍കുകയാണ് ഇവരുടെ രീതി. ഇതിന് മുന്‍കൈ എടുക്കുന്നത് ഭര്‍ത്താക്കാന്‍മാരാണ്. ഇതിന് തയ്യാറാക്കാത്ത സ്ത്രീകളെ ഭീഷണിക്ക് വിധേയമാക്കുന്നതും പതിവാണ്. നാലു പേരുമായി ഒരേ സമയം ബന്ധപ്പെടാന്‍ വരെ ചില സ്ത്രീകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത്തരത്തില്‍ ഭര്‍ത്താവിന്റെ പീഡനത്തിനിരയായ ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിലാണ് സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ഇന്ന് കോട്ടയത്ത് അറസ്റ്റിലായ സംഘത്തിലൊരാള്‍ പരാതിക്കാരിയുടെ ഭര്‍ത്താവാണ്. ഭര്‍ത്താവ് മറ്റു പലരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആയിരത്തോളം പേര്‍ അംഗങ്ങളായ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഇന്ന് അറസ്റ്റിലായത്. സമൂഹത്തില്‍ ഉന്നതജീവിത നിലവാരം പുലര്‍ത്തുന്നവര്‍ അടക്കം 1000ത്തോളം പേരാണ് ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് സ്ത്രീകളും അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രൂപ്പില്‍ സജീവമായ 30 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

No comments