Breaking News

അംബുജാക്ഷൻ്റെ കട പ്ലാസ്റ്റിക് മുക്തം ഇവിടെ വിൽക്കുന്നത് അപൂർവ്വങ്ങളായ പൈതൃക സാധനങ്ങൾ

കാഞ്ഞങ്ങാട്: അംബുജാക്ഷന്റെ കടയില്‍ അരിയും പച്ചക്കറിയുമൊന്നും കിട്ടില്ല, പക്ഷേ പുതുതലമുറയ്ക്ക് പരിചയമില്ലാത്ത മണ്‍പാത്രങ്ങളും പുകയടുപ്പും ഉരലും ഉറിയും അമ്മിയും ഉള്‍പ്പെടുന്ന വസ്തുക്കള്‍ ഇവിടെ ഉണ്ട്.

37 വര്‍ഷം മുമ്പ് മടിക്കൈ സ്വദേശിയായ അംബുജാക്ഷന്റെ അച്ഛന്‍ കെ. രാഘവന്‍ നായരാണ് വിനായക തീയേറ്ററിനരികില്‍ കട തുടങ്ങിയത്. 1984 ല്‍ അച്ഛന്‍ മരിച്ചതിനുശേഷം അംബുജാക്ഷനാണ് കട നടത്തിക്കൊണ്ടു പോകുന്നത്. ഒരുകാലത്ത് വീടുകളില്‍ കണ്ടുവന്നിരുന്ന ചുണ്ണാമ്പ് ചെല്ലം, ഇസ്തിരിപ്പെട്ടി, മുറം, ഭരണികള്‍, ചിരവ, മീന്‍പിടിക്കാനുള്ള ഒറ്റാല്‍, മീന്‍കുട്ട, കുരുത്തി എന്നിവയും കടയിലുണ്ട്.

കൈതോല, മുള, ഓല, കളിമണ്‍, കീച്ചിപ്പുല്ല്,ചൂത് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ച വസ്തുക്കളാണ് കടയിലധികവും. തട്പ്പ, ഇടങ്ങാഴി, മന്ത് (തൈരാട്ടുന്നത് ), അടിച്ചൂറ്റി, ഓലപ്പായ എന്നീയിനങ്ങളും കടയിലുണ്ട്.

അമ്മക്കോഴിയെയും അതിന്റെ കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്താനുപയോഗിക്കുന്ന കോഴിക്കൊമ്മയും പൈതൃക സാധനങ്ങള്‍ സൂക്ഷിക്കുന്ന ഈ കടയിലുണ്ട്. പഴയ കാല തറവാട് വീടുകളില്‍ തേങ്ങയിട്ട് സൂക്ഷിക്കുന്ന മക്കിരിയും പ്രധാന ആകര്‍ഷക വസ്തുവാണ്.

കൊറോണ കാലത്ത് ഒരു ലക്ഷത്തിനടുത്ത് നഷ്ടമുണ്ടായി. പല സാധനങ്ങളും ചിതലരിച്ച്‌ നശിച്ച്‌ പോയതായി അംബുജാക്ഷന്‍ പറഞ്ഞു.


കടയില്‍ കൂടുതല്‍ ആള്‍ക്കാര്‍ എത്തുന്നത് പുല്ലാഞ്ഞി ബട്ടിക്കാണ്. കൊറക വിഭാഗത്തിന്റെ പ്രധാന തൊഴിലാണ് പുല്ലാഞ്ഞി ബട്ടി നിര്‍മാണം. മാര്‍ക്കറ്റില്‍ ഒന്നിന് 300 രൂപയാണ് വില.

വലിയ നഷ്ടത്തിലാണ് കട നടത്തി പോകുന്നത്. പാരബര്യം നിലനിര്‍ത്താനും പുതുതലമുറക്ക് പഴയ സാധനങ്ങള്‍ പരിചയപ്പെടുത്തി കൊടുക്കാനുമാണ് എല്ലാം സഹിച്ച്‌ കട നടത്തി പോകുന്നത്. പുതിയ തലമുറയില്‍ പെട്ടവരും റിസര്‍ച്ച്‌ വിദ്യാര്‍ഥികളും കടയില്‍ വരാറുണ്ട്

No comments