Breaking News

ജില്ലയിൽ 18ൽ 15ഇടത്തും വിജയം നേടി എസ് എഫ് ഐ വെള്ളരിക്കുണ്ട്‌ സെന്റ് ജൂഡ് കോളേജിൽ കെ എസ്‌ യു ആധിപത്യം


കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടന്ന 18 കോളേജുകളിൽ 15 ഇടത്തും എസ്‌എഫ്ഐ ജയിച്ചു. 15 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനവും എസ്‌എഫ്‌ഐ നേടി. പെരിയ അംബേദ്‌കർ കോളേജിൽ കെഎസ്‌യു, -എംഎസ്‌എഫ് സഖ്യത്തെ തോൽപ്പിച്ച് മുഴുവൻ സീറ്റും നേടി യൂണിയൻ തിരിച്ചുപിടിച്ചു. കുമ്പള ഐഎച്ച്ആർഡി കോളേജ് എബിവിപി യിൽ നിന്നും പിടിച്ചെടുത്തു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, ഉദുമ ഗവ. കോളേജ്, മുന്നാട് പീപ്പിൾസ്, എസ്‌ എൻ പെരിയ, സി കെ നായർ കാഞ്ഞങ്ങാട്‌ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും ജയിച്ചു. രാജപുരം സെന്റ്പയസ് കോളേജിൽ മുഴുവൻ മേജർ സീറ്റും നേടി. 

മഞ്ചേശ്വരം ഗോവിന്ദപൈ കോളേജും പെർള നളന്ദ കോളേജും എബിവിപി വിജയിച്ചു. വെള്ളരിക്കുണ്ട്‌ സെന്റ് ജൂഡ് കോളേജിൽ  8 മേജർ സീറ്റ് നേടി  കെ എസ്‌ യു വിജയിച്ചു. രണ്ട്  സീറ്റ് SFI  നേടി. 

ഇ കെ നായനാർ സ്‌മാരക ഗവ. കോളേജ് എളേരിത്തട്ട്, കരിന്തളം ഗവ. കോളേജ്, എസ്‌എൻഡിപി കാലിച്ചനടുക്കം, പള്ളിപ്പാറ ഐഎച്ച്ആർഡി, മടിക്കൈ ഐഎച്ച്ആർഡി കോളേിൽ എന്നിവിടങ്ങളിൽ എസ്‌എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു. കാസർകോട്‌ ഗവ. കോളേജ്‌, നീലേശ്വരം സർവകലാശാല ക്യാമ്പസ്‌, ബജെ മോഡൽ കോളേജ്‌ എന്നിവിടങ്ങളിൽ കോവിഡ്‌ വ്യാപനം കാരണം തെരഞ്ഞെടുപ്പ്‌ മാറ്റി.   

സുശക്തമായ ജനാധിപത്യം സമാരോത്സുക ക്യാമ്പസ് എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്‌എഫ്ഐ തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയത്‌. ഇടുക്കിയിലെ എൻജിനിയറിങ്‌ കോളേജിൽ ധീരജിന്റെ ജീവനെടുത്ത കെഎസ്‌യു ക്രിമിനൽ രാഷ്ട്രീയത്തിനും  കുടപിടിക്കുന്ന എംഎസ്‌എഫിനും ക്യാമ്പസുകളെ വർഗീയതയുടെ കേന്ദ്രങ്ങളാക്കാൻ ശ്രമിക്കുന്ന എബിവിപിക്കും വിദ്യാർഥി മനസിൽ  സ്ഥാനമില്ലെന്ന്‌ തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് വിധിയെന്ന്‌ എസ്‌എഫ്ഐ ജില്ലസെക്രട്ടറിയറ്റ്‌ പറഞ്ഞു. തിളക്കമാർന്ന വിജയം നൽകിയ വിദ്യാർഥികളെ അഭിവാദ്യം ചെയ്യുന്നു.

പൂർണമായും കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പ്.


No comments