തളിപ്പറമ്പിൽ പോക്സോ കേസ് ഇര ആത്മഹത്യ ചെയ്തു ; കുടുംബ പ്രശ്‌നമെന്ന് പൊലീസ്
കണ്ണൂർ തളിപ്പറമ്പിൽ പോക്സോ കേസ് ഇരയായ 19 കാരി ആത്മഹത്യചെയ്ത നിലയിൽ. കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. കിടപ്പു മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മൂന്ന് വർഷം മുൻപാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.
2020ലാണ് പെണ്‍കുട്ടി പീഡനത്തിനിരയാവുന്നത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി രാഹുല്‍ കൃഷ്ണയെ 2021 ഏപ്രില്‍ 13ന് പോലിസ് അറസ്റ്റു ചെയ്തിരുന്നു. തളിപ്പറമ്പ് പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടി പ്ലസ് വണിന് പഠിക്കുമ്പോഴാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇയാളെ പരിചയപ്പെടുന്നത്. നിരന്തരമായ ചാറ്റിങ്ങിനിടയില്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വലയിലാക്കി നിരന്തരം അശ്ലീല വിഡിയോകള്‍ അയച്ചുകൊടുത്തു. ശേഷം പെണ്‍കുട്ടിയില്‍നിന്ന് അശ്ലീലദൃശ്യങ്ങള്‍ ശേഖരിച്ചുവെന്നാണ് പോലിസ് കണ്ടെത്തിയത്.
No comments