Breaking News

വെള്ളരിക്കുണ്ട് കാർഷിക വികസന ബാങ്കിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ അടിസ്ഥാനരഹിതം: ഭരണസമിതി


ഭീമനടി: സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിനെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി പത്രസമ്മേളനത്തിലറിയിച്ചു. മലയോരകർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ബാങ്കിൽ നടത്തിയിട്ടുള്ള നിയമനങ്ങൾ എല്ലാം സഹകരണനിയമക്കനുസൃതമായി ആണ് നടത്തിയത്. ബാങ്കിൽ നിലവിൽ ഡ്രൈവർ ഒന്ന്, വാച്ച്മാൻ ഒന്ന്, പാർടൈം സ്വീപ്പർ മാർ രണ്ട്, എന്നിവരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഡ്രൈവർ, വാച്ച്മാൻ തസ്തികകളിലേക്കുള്ള സ്ഥിരനിയമനം ജോയിന്റ് രജിസ്ട്രാർ പരിഗണനയിലുണ്ട്. നിലവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആണ് ഇവരെ നിയമിച്ചിരിക്കുന്നത്. 1 -4 -2021-ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ചവരുടെ കാലാവധി അവസാനിച്ചിരുന്നു. കോവിഡ് രൂക്ഷമായതിനാൽ വീണ്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തിയവരെ തന്നെ താത്കാലികമായി തുടരാൻ ഭരണസമിതി അനുവദിച്ചു. ബാങ്കിന്റെ കെട്ടിടനിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെയാണ് നടത്തുന്നത്.നിലവിലുള്ള ഭരണസമിതി ചുമതലയേറ്റിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല .ഈ കാലയളവിനുള്ളിൽ നിയമനങ്ങൾ ഒന്നും നടത്തിയിട്ടില്ല എന്നും രേഖകളുടെ അടിസ്ഥാനത്തിൽ ഭരണ സമിതി വ്യക്തമാക്കി. 112 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. ഇക്കൊല്ലത്തെ വായ്പ ടാർജറ്റ് 45 കോടി രൂപയാണ്. ഇത് മാർച്ചിനുള്ളിൽ  വിതരണംചെയ്യും. കുറഞ്ഞ പലിശ നിരക്കിൽ കാർഷികവായ്പയും, സ്വർണ വായ്പയും  നൽകി വരുന്നു. ദീർഘകാല വായ്പകൾ നൽകുന്ന ധനകാര്യം സ്ഥാപനം കൂടിയാണ് . ആയിരകണക്കിന് സാധാരണ കർഷകരുടെ ആശ്രയമായ  സ്ഥാപനത്തിനെതിരെ നടക്കുന്ന നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും, നല്ല രീതിയിൽ പ്രവർത്തിക്കുന്ന ബാങ്കിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചതായും ഭരണ സമിതി അംഗങ്ങൾ അറിയിച്ചു.പത്രസമ്മേളനത്തിൽ പ്രസിഡൻ്റ്  സെബാസ്റ്റ്യൻ പതാലിൽ , വൈസ് പ്രസിഡൻ്റ് പി.മുരളി, ഡയറക്ടർമാരായ ആഗസ്റ്റിൻ ജോസഫ് , വി.സി ദേവസ്യ , പി.നാരായണൻ , മേരി ജോസഫ്, ഗീത സുരേഷ് , സവിതാ സുരേഷ് , സെക്രട്ടറി റ്റോം ജെ ജോസഫ് എന്നിവർ പങ്കെടുത്തു.

No comments