Breaking News

ബളാൽ പഞ്ചായത്ത് വിവാദം; അറസ്റ്റ് വിലക്കി ഹൈക്കോടതി


ബളാൽ പഞ്ചായത്ത് വിവാദത്തിൽ അറസ്റ്റ് വിലക്കി ഹൈക്കോടതി ഉത്തരവ്. രാജു കട്ടക്കയം അടക്കമുള്ളവര്‍ തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ച് കൊണ്ടാണ് പഞ്ചായത്ത് സെക്രട്ടറി മിഥുന്‍ കൈലാസ് വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് നേതാക്കള്‍ മുന്‍കൂര്‍ ജാമ്യം തേടി കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ പി വേണുഗോപാല്‍ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രശ്നം പഞ്ചായത്തില്‍ വലിയ തോതിലുള്ള രാഷ്ട്രീയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭരണസ്തംഭനം ഉണ്ടാക്കുന്ന തരത്തിലാണ് സെക്രട്ടറിയുടെ പ്രവര്‍ത്തനമെന്ന് ആരോപിച്ച് പഞ്ചായത്ത് ഭരണസമിതി പ്രത്യേക യോഗം ചേരുകയും മിഥുന്‍ കൈലാസിനെ മാറ്റണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനിടെ സെക്രട്ടറിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രദേശത്തെ സിപിഎം നേതൃത്വം പഞ്ചായത്ത് ഓഫീസിലേക്കും, പിന്നാലെ കള്ളക്കേസെടുക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് നേതൃത്വം വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലേക്കും മാര്‍ച്ച് നടത്തി. അതേസമയം കഴിഞ്ഞ ദിവസം മിഥുന്‍ കൈലാസിനെ അപ്രതീക്ഷിതമായി ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

No comments