Breaking News

കോടോംബേളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ടാർ മിക്സിംഗ് പ്ലാൻ്റ് അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു ബിജെപി നേതൃത്വത്തിൽ പ്ലാൻ്റിലേക്ക് ജനകീയ മാർച്ച് നടത്തി


പറക്കളായി: കോടോംബേളൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് വയമ്പ് പറക്കളായി നേരംകാണാതടുക്കം തുടങ്ങിയ ജനവാസകേന്ദ്രങ്ങൾക്ക് നടുക്കായി പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാൻ്റിൽ നിന്ന് നിരന്തരം വിഷപുക പുറം തള്ളുന്നത് തങ്ങൾക്ക് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

യാതൊരു വ്യവസ്ഥയും  ഇല്ലാതെ  അനധികൃതമായി പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ ടാർ മിക്സിങ് പ്ലാന്റിൽ നിന്നും ഒരു ദിവസം നൂറിലേറെ തവണയാണ് വലിയ വാഹനങ്ങൾ നിറയെ ലോഡുമായി ഇതുവഴി ചീറിപായുന്നത്. 

സ്ത്രീകളും കൊച്ചു കുട്ടികളും ഉൾപ്പടെ ജീവഭയത്താലാണ് റോഡിലൂടെ നടക്കുന്നത്.  പൊടിയും പുകയും തിന്ന് മടുത്ത സാഹചര്യത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് നാട്ടുകാർ.

നിയന്ത്രണമില്ലാതെ ടൺ കണക്കിന് ഭാരമുള്ള വാഹനങ്ങൾ ചീറി പായുന്നതിനാൽ പ്രദേശത്തെ റോഡുകളും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. പൊടിയും പുകയും കാരണം പ്രദേശത്ത് പ്രവർത്തിക്കുന്ന കുടുംബക്ഷേമ ഉപകേന്ദ്രം തുറക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്, അവിടെ വരുന്ന കൊച്ചു കുട്ടികളും അമ്മമാരും മറ്റ് ജീവനക്കാരും ശക്തമായ പൊടി കാരണം വളരെയധികം പ്രയാസപ്പെടുകയാണ്. ടാർ മിക്സിങ് കൊണ്ട് പോകുന്നത് കോടോംബേളൂർ പഞ്ചായത്തിലെയോ തൊട്ടടുത്ത പഞ്ചായത്തിലേയോ നിർമ്മാണ പ്രവർത്തനങ്ങൾക്കല്ല എന്നതാണ് മറ്റൊരു വൈരുദ്ധ്യം. ചെറുവത്തൂർ, പയ്യന്നൂർ ഉൾപ്പെടെ ഉള്ള ദൂരെ സ്ഥലങ്ങളിലേക്കാണ് ഇത് കൊണ്ടു പോകുന്നത്. ജനങ്ങൾക്ക് ദുരിതം വിതച്ച് അനധികൃതമായി പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാൻ്റ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വത്തിൽ പ്ലാൻ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പറക്കളായിൽ നിന്നാരംഭിച്ച മാർച്ച് പ്ലാൻ്റിന് മുന്നിൽ പോലീസ് തടഞ്ഞു.

പ്രതിഷേധ മാർച്ച് ബിജെപി ജില്ലാ കമ്മറ്റിയംഗം സുകുമാരൻ കാലിക്കടവ് ഉദ്ഘാടനം ചെയ്തു. പ്രേംരാജ് കാലിക്കടവ് അധ്യക്ഷത വഹിച്ചു വെള്ളരിക്കുണ്ട് മണ്ഡലം ജന സെക്രട്ടറി ശ്രീജിത്ത് പറക്കളായി സ്വാഗതം പറഞ്ഞു.ന്യൂനപക്ഷ മാർച്ച ജില്ലാ പ്രസിഡണ്ട് റോയി ജോസഫ്, മണ്ഡലം പ്രസിഡണ്ട് രാഹുൽ പരപ്പ, സന്തോഷ് തട്ടുമ്മൽ, ബിനീഷ് വയമ്പ്, സുകുമാരൻ വയമ്പ് തുടങ്ങിയവർ സംസാരിച്ചു

No comments