Breaking News

ജില്ലയിലെ കുട്ടികൾക്ക് സൗജന്യ ഓൺലൈൻ ചെസ്സ് പരിശീലനവുമായി ചെസ് അസോസിയേഷൻ


ജില്ലാ ചെസ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലയിലെ കുട്ടികൾക്കായി സൗജന്യ ചെസ്സ് പരിശീലന ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിക്കുന്നു.

ചെസ്സ് പ്രതിഭകളായ കുട്ടികളെ കണ്ടെത്തി, ശാസ്ത്രീയമായ ചെസ്സ് പാഠങ്ങൾ പകർന്നു നല്കി നാടിന് അഭിമാനമാവുന്ന ചെസ്സ് താരങ്ങളാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള ഒരു എളിയ പരിശ്രമമാണിത്.


ഒന്നാം ഘട്ടത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്ക് ഫെബ്രുവരി 13, 20, 21, മാർച്ച് 6 എന്നീ നാല് ഞായറാഴ്ചകളിലായി പ്രാഥമിക പരിശീലന ക്ലാസുകൾ നല്കും. ഗൂഗ്ൾ മീറ്റിൽ അല്ലെങ്കിൽ സൂമിൽ നടക്കുന്ന ക്ലാസ്സുകളിലേക്ക് 5 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം.


ഏഴുവയസുവരെയുള്ളവർ, എട്ടും ഒമ്പതും വയസ്സുകാർ, 10, 11, 12 വയസ്സുകാർ എന്നിങ്ങനെ മൂന്നു ഗ്രൂപ്പായി തിരിച്ചാണ് ക്ലാസുകൾ.


പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഫെബ്രുവരി 10 നകം ചെസ്സ് അസോസിയേഷൻ കാസഗോഡിന്റെ വെബ് സൈറ്റിൽ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://chessassociationkasaragod.com/ 


വിശദവിവരങ്ങൾക്ക് 9605231010, 9544951190, 9495093810 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.


വിദ്യാർത്ഥികളുടെ ബൗദ്ധിക വികാസത്തിനും മൂല്യാത്മകമായ സ്വഭാവ രൂപീകരണത്തിനും  ഏറെ പ്രയോജനപ്രദമായ ചെസ്സ് എന്ന ഇന്റർനാഷണൽ ഗെയിം ജില്ലയിലെല്ലായിടത്തും പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ചെസ്സ് അസോസിയേഷൻ വിവിധ തരം ചെസ്സ് പരിപാടികൾ 2022 ൽ നടപ്പാക്കാനുദ്ദേശിക്കുന്നു.

പല രാജ്യങ്ങളിലും ഇന്ത്യയിൽത്തന്നെ ചില സംസ്ഥാനങ്ങളിലും സ്കൂൾ സിലബസ്സിന്റെ ഭാഗമായിട്ടുള്ള ചെസ്സ്, നമ്മുടെ ജില്ലയിലും പഠിക്കുന്നതിനും കളിച്ചു വളരുന്നതിനും കൂടുതൽ സംവിധാനങ്ങളൊരുക്കാൻ 

രക്ഷിതാക്കളുടേയും സ്കൂൾ അദ്ധ്യാപകരുടേയും ചെസ്സ് അഭ്യുദയകാംക്ഷികളായ എല്ലാവരുടേയും

സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി

ടീം ചെസ്സ് അസോസിയേഷൻ കാസറഗോഡ് അറിയിക്കുന്നു.

No comments