ഉറവിട മാലിന്യ സംസ്കരണത്തിലൂടെ കാഞ്ഞങ്ങാടിനെ സമ്പൂർണ ശുചിത്വ നഗരമാക്കാനൊരുങ്ങി നഗരസഭ
കാഞ്ഞങ്ങാട് : സമ്പൂർണ ശുചിത്വ നഗരമാകാനൊരുങ്ങി കാഞ്ഞങ്ങാട് നഗരസഭ. ഒരു വർഷത്തിനകം സമ്പൂർണ ശുചിത്വ നഗരമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉറവിട മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കും. നഗരസഭയിലെ മുഴുവൻ വീടുകളിലേക്കും മാലിന്യം സംസ്ക്കരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന് റിംഗ് കംബോസ്റ്റുകൾ വിതരണം ചെയ്യും. ഇതിനായി ആറായിരം റിംഗ് കംമ്പോസ്റ്റുകൾ ഇതിനകം നിർമ്മിച്ചു കഴിഞ്ഞു. സബ്സിഡി നിരക്കിലാണ് ഉപഭോക്താക്കൾക്ക് റിംഗ് കംബോസ്റ്റുകൾ നൽകുക. 2500 രൂപ വിലയുള്ള റിംഗ് കമ്പോസ്റ്റ് 215 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് റിംഗ് കമ്പോസ്റ്റുകൾ വീടുകളിൽ എത്തിച്ച് നൽകും. കൂടാതെ
ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാനും അജൈവ മാലിന്യങ്ങൾ ഹരിതകർമ്മസേന മുഖേന ശേഖരിക്കുന്നതിനും സംവിധാനമേർപ്പെടുത്തും. ഒരു വർഷത്തിനുള്ളിൽ ശുചിത്വമുള്ള നഗരവും ആരോഗ്യമുള്ള ജനതയും എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ഉതകുന്ന തരത്തിൽ മാലിന്യ സംസ്ക്കരണ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത അറിയിച്ചു.
No comments