Breaking News

കാലിക്കറ്റ് സർവകലാശാലയിൽ കൈക്കൂലി 'ഗൂഗിൾപേ വഴി'; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ


എംജി യൂണിവേഴ്‌സിറ്റിക്ക് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയും കൈക്കൂലിയുടെ പേരില്‍ നടപടി. വിദ്യാര്‍ത്ഥിനിയില്‍ നിന്നും കൈക്കൂലി വാങ്ങിയയെന്ന പരാതിയില്‍ പരീക്ഷാഭവന്‍ ജീവനക്കാരനെയാണ് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തത്. പരീക്ഷാഭവനിലെ ഓഫീസ് അസിസ്റ്റന്റായ എംകെ മന്‍സൂറിനെതിരെയാണ് നടപടി. മലപ്പുറം സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. ബിരുദ സര്‍ട്ടിഫിക്കറ്റിലെ പേരിലുണ്ടായ പിശക് തിരുത്താനുള്ള അപേക്ഷയുടെ പേരിലാണ് ജീവനക്കാരന്‍ കൈക്കൂലി വാങ്ങിയത്. ഗൂഗിള്‍പേ വഴി 5000 രൂപയാണ് അപേക്ഷകയില്‍നിന്ന് കൈപ്പറ്റിയത്. അപേക്ഷ നല്‍കി മടങ്ങിയ ഇവര്‍ക്കു ദിവസങ്ങള്‍ക്കകം സര്‍വകലാശാലയില്‍നിന്ന് മെമ്മോ ലഭിച്ചു. മതിയായ ഫീസ് അടച്ചില്ലെന്നായിരുന്നു അറിയിപ്പ്. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് അറിയുന്നത്. ഗൂഗിള്‍പേ വഴി പണം അയച്ചതിന്റെ പകര്‍പ്പുള്‍പ്പെടെ അപേക്ഷക സര്‍വകലാശാലയ്ക്ക് പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

തപാല്‍ ഇനത്തില്‍ അപേക്ഷക അടച്ച 50 രൂപയുടെ ചലാന്‍ ഉദ്യോഗസ്ഥന്‍ 1350 ആക്കി തിരുത്തുകയും ചെയ്തിട്ടുണ്ട്. കൈക്കൂലി വാങ്ങിയതിനു പുറമെ ചലാനില്‍ തിരുത്തല്‍ നടത്തിയെന്ന് തെളിയുന്നതോടെ സര്‍വകലാശാലയെയും ജീവനക്കാരന്‍ കബളിപ്പിച്ചെന്ന് വ്യക്തമാകുകയാണ്. സമാനമായ പരാതിയില്‍ മറ്റൊരു ജീവനക്കാരനെതിരേ അന്വേഷണം തുടരുകയാണെന്നും രജിസ്ട്രാര്‍ അറിയിച്ചു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് സര്‍വകലാശാലാ ജീവനക്കാരുടെ സംഘടനകളും വിവിധ രാഷ്ട്രീയനേതൃത്വങ്ങളും രംഗത്തെത്തി. കൈക്കൂലി വാങ്ങിയ ജീവനക്കാരന്‍ ഭരണാനുകൂല സംഘടനയുടെ ഭാഗമായ ആളാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആരോപണം തള്ളി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ രംഗത്തെത്തി. ആരോപണ വിധേയരായ രണ്ടു ജീവനക്കാരും യൂണിയന്‍ അംഗങ്ങളല്ല. കൈക്കൂലി വാങ്ങിയ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് ജീവനക്കാരന്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ സംഭവം സര്‍വ്വകലാശാലയ്ക്കും ഉന്നത വിദ്യഭ്യാസ രംഗത്തിനും അപകീര്‍ത്തികരമാണെന്ന് എസ്എഫ്‌ഐ കുറ്റപ്പെടുത്തി. കൈക്കൂലിക്കാരായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍വ്വകലാശാല അധികാരികള്‍ തയ്യാറാവണം. സര്‍വകലാശാലയുടെ സേവനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളാണ്. ഈ അവകാശങ്ങള്‍ നിഷേധിക്കുകയും അതിന്റെ പേരില്‍ കൈക്കൂലി പറ്റുകയും ചെയ്യുന്ന പ്രവണത വച്ചു പൊറുപ്പിക്കാനാവില്ല. വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന അഴിമതിക്കാരായ ജീവനക്കാര്‍ക്കെതിരായി സമഗ്രമായ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും, ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെടില്ലെന്ന് സര്‍വ്വകലശാല അധികാരികള്‍ ഉറപ്പു വരുത്തണമെന്നും എസ്.എഫ്.ഐ പ്രസ്ഥാവനയിലൂടെ അറിയിച്ചു.

No comments