Breaking News

കാഞ്ഞങ്ങാടിൻ്റെ കിഴക്കൻ മേഖലകളെ ബന്ധപ്പെടുത്തി കെ.എസ്.ആർ.ടി സർവ്വീസ് വേണമെന്ന ആവശ്യം ശക്തമാകുന്നു


കാഞ്ഞങ്ങാട്: നഗരസഭയിലെ കിഴക്കൻ മേഖലകളെ ബന്ധപ്പെടുത്തി കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മടിക്കൈ, എരിക്കുളം, കാഞ്ഞിരപ്പൊയിൽ, കാരാക്കോട്, മുണ്ടോട്ട് തുടങ്ങിയ മേഖലകളിലെല്ലാം ബസുകൾക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. പെർമിറ്റ് സ്വന്തമാക്കിയിട്ടും സ്വകാര്യ ഓപ്പറേറ്റർമാർ സർവീസ് നടത്താത്ത സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് സബ് ഡിപ്പോയിൽ നിന്ന് സർവീസ് തുടങ്ങണമെന്ന ആവശ്യം ഉയരുന്നത്.


ബസില്ലാത്തത് കാഞ്ഞിരപ്പൊയിൽ മോഡൽ കോളേജ്, എരിക്കുളം ഐ.ടി.ഐ, പത്തോളം സർക്കാർ സ്‌കൂളുകൾ എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. നഗരസഭാ പരിധിയിലെ കേന്ദ്രീയ വിദ്യാലയത്തിലേക്കും ഗുരുവനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലേക്കും സമയത്തിന് എത്താൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. ചാളക്കടവ് പുതിയ പാലത്തിലൂടെയടക്കം പെർമിറ്റ് നേടിയ ബസുകൾ ഓടുന്നില്ല.


ഇതിനിടെ കൊവിഡിന് മുൻപ് വരെ രാവിലെ 8 മണിക്ക് എരിക്കുളത്ത് നിന്ന് ചാളക്കടവ്- അരയി പാലങ്ങൾ വഴി കാഞ്ഞങ്ങാട്ടേക്ക് നിറയെ യാത്രക്കാരുമായി ഓടിയിരുന്ന കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. വൈകീട്ട് 3.50 ന് കാഞ്ഞങ്ങാട് നിന്ന് അരയിപ്പാലം വഴി എരിക്കുളത്തേക്കുണ്ടായിരുന്ന സ്വകാര്യ ബസും കുറേ കാലമായി ഓടുന്നില്ല.



രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട് നിന്ന് അലാമിപ്പള്ളി - അരയിപ്പാലം -ഗുരുവനം - കൂലോം റോഡ്- ചാളക്കടവ്- എരിക്കുളം - കാഞ്ഞിരപ്പൊയിലിലേക്കുംഅവിടെ നിന്ന് 8.45 ന് മുണ്ടോട്ട് - ജില്ലാ ആശുപത്രി - കാഞ്ഞങ്ങാട് ഭാഗത്തേക്കും ഓടിയാൽ മടിക്കൈ പഞ്ചായത്തിന്റെ എല്ലാ പ്രദേശത്തെയും യാത്രാക്ലേശത്തിന് പരിഹാരമാകും. 

രാവിലെ 9.30ന് കാഞ്ഞങ്ങാട് എത്തുന്ന ബസ് ചന്ദ്രഗിരി വഴി കാസർകോട് സിവിൽ സ്റ്റേഷൻ വരെ ഓടിച്ചാൽ സർക്കാർ ജീവനക്കാർക്കും ഉപകാരപ്പെടും.

ഉച്ചയ്ക്ക് 2. 20 ന് കാഞ്ഞങ്ങാട് നിന്ന് ജില്ലാ ആശുപത്രി - മുണ്ടോട്ട് - കാഞ്ഞിരപ്പൊയിൽ - എണ്ണപ്പാറ- തായന്നൂർ -കാലിച്ചാനടുക്കത്തേക്കും, അവിടെ നിന്ന് ചോയ്യംകോട് വഴി നീലേശ്വരത്തേക്കും സർവീസ് നടത്താം. നീലേശ്വരത്ത് നിന്ന് 4 മണിക്ക് വാഴുന്നോറടി-ഗുരുവനം-കേന്ദ്രീയ വിദ്യാലയം - കാഞ്ഞങ്ങാട് ഭാഗത്തേക്ക് ട്രിപ്പ് ക്രമീകരിക്കാം.

No comments