മാക്കൂട്ടം ചുരം പാതയിലെ നിയന്ത്രണങ്ങൾ നീക്കി; രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റ് കരുതണം
ഇരിട്ടി: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ചരക്കുവാഹനങ്ങൾക്കും കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് മാക്കൂട്ടം ചെക്ക് പോസ്റ്റിൽ ഏഴു മാസമായി തുടരുന്ന നിയന്ത്രണം നീക്കി. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ചുരം പാത വഴി ഇനി കർണാടകയിലേക്ക് പ്രവേശിക്കാം.
മാക്കൂട്ടം ചുരം പാത വഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.
ചരക്കുവാഹനങ്ങളിലെ തൊഴിലാളികൾക്ക് ഏഴുദിവസത്തിനുള്ളിൽ എടുത്ത ആർ.ടി.പി.സി ആർ. സർട്ടിഫിക്കറ്റും ആവശ്യമായിരുന്നു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് രാജ്യത്ത് എവിടെയും സഞ്ചരിക്കാമെന്ന കേന്ദ്രസർക്കാരിന്റെ ഉത്തരവ് മാസങ്ങൾക്ക് മുൻപ് നിലവിൽവന്നിട്ടും മാക്കൂട്ടം ചുരം പാത വഴി കുടക് ജില്ലയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം തുടരുകയായായിരുന്നു.
ചുരം പാത വഴി ദിനംപ്രതി ആയിരത്തിലധികം യാത്രക്കാരാണ് പോകുന്നത്. ഇതിൽ പകുതിയിലധികം പേരും ദിവസേന ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നവരുമാണ്. 500-ലധികം ചരക്കുവാഹനങ്ങളും ഈ പാത വഴി ദിനംപ്രതി പോകുന്നുണ്ട്. മാക്കൂട്ടം അതിർത്തിയിലെ നിയന്ത്രണങ്ങൾ അതിനാൽ തന്നെ ഏറെയാളുകളെ ബാധിച്ചിരുന്നു.
ഉത്തരവ് ഇറങ്ങിയെങ്കിലും വ്യാഴാഴ്ചയും മാക്കൂട്ടം ചെക്ക് പോസ്റ്റിൽ നിയന്ത്രണങ്ങൾ തുടർന്നു. നിയന്ത്രണം നീക്കിയതായുള്ള ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ചെക്ക് പോസ്റ്റ് അധികൃതർ പറയുന്നത്.രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റ് കരുതണം.
No comments