പിതാവിനൊപ്പം റബ്ബർ ടാപ്പിംഗിനു പോയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: പിതാവിനൊപ്പം റബ്ബർ ടാപ്പിംഗിനു പോയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഡൂർ, മണിയൂർ, ചെന്നയ്യ മൂലയിലെ അപ്പയ്യ നായികിന്റെ മകൻ ശോഭിത് (26) ആണ് മരിച്ചത്.
പിതാവിനൊപ്പം ഇന്ന് (ചൊവ്വ) പുലർച്ചെ റബ്ബർ ടാപ്പിംഗിനു പോയതായിരുന്നു. എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും ശോഭിത് വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടയിലാണ് നേരത്തെ താമസിച്ചിരുന്ന പഴയ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ താഴെ ഇറക്കി മുള്ളേരിയയിലെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റു മോർട്ടത്തിനായി മോർച്ചറിയിലേയ്ക്ക് മാറ്റി.
അഡൂരിലെ ഒരു മലഞ്ചരക്ക് സ്ഥാപനത്തിലെ തൊഴിലാളിയാണ് ശോഭിത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആദൂർ പൊലീസ് അന്വേഷണം തുടങ്ങി.
മാതാവ്: പ്രേമ. സഹോദരങ്ങൾ: സുകുമാരൻ, യോഗേശ്വരി.
No comments