Breaking News

'സ്റ്റാഫ് നിയമനമെന്ന പേരിൽ പാർട്ടി റിക്രൂട്ട്മെന്റ്, മന്ത്രിമാർക്ക് 20 ലധികം സ്റ്റാഫുകൾ'; തുറന്നടിച്ച് ഗവർണർ


പേഴ്സണൽ സ്റ്റാഫ് നിയമന വിവാദ​വുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളിൽ രൂക്ഷ പ്രതികരണവുമായി ​​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം എന്ന പേരില്‍ നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്‌മെന്റ് ആണെന്നും 20 ലധികം സ്റ്റാഫുകളാണ് ഒരോ മന്ത്രിമാര്‍ക്കമുള്ളതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. എനിക്ക് 11 സ്റ്റാഫുകള്‍ മാത്രമായിരുന്നു കേന്ദ്ര മന്ത്രിയായപ്പോള്‍ പോലും ഉണ്ടായിരുന്നത്. പാര്‍ട്ടി കേഡര്‍മാരെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കുകയും രണ്ട് വര്‍ഷത്തിന് ശേഷം ഇവരെ പിരിച്ച് വിട്ട് പുതിയയാളെ നിയമിക്കുന്നു. പിരിച്ച്വിടുന്നവര്‍ക്ക് വെറും രണ്ട് വര്‍ഷത്തെ സേവനത്തിന് ആജീവനാന്തകാലം പെന്‍ഷനും ലഭിക്കുന്നു. സ്റ്റാഫുകളുടെ ശമ്പളത്തിനും പെന്‍ഷനുമായി വലിയ തുകയാണ് ഇത്തരത്തില്‍ ചെലവാവുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇത് ഭരണഘടനാ ചട്ടങ്ങള്‍ക്കെതിരാണ്. ഞാന്‍ ഈ വിഷയം അങ്ങെന വിടാന്‍ പോവുന്നില്ല.ഈ നിയമലംഘനത്തിനെതിരെ പോരാടും.കേരളത്തിലെ ജനങ്ങളുടെ പണമാണ് ദുരുപയോഗം ചെയ്യുന്നതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ മുന്‍ മന്ത്രി എകെ ബാലന്‍ നടത്തിയ പരിഹാസത്തിനും ഗവര്‍ണര്‍ മറുപടി നല്‍കി. ബാലന്‍ ബാലിശമായി പെരുമാറരുതെന്നും പേരിലെ ബാലനില്‍ നിന്നും വളരാന്‍ തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ കൈയില്‍ കരുതിയ പേപ്പറില്‍ നോക്കി ഗവര്‍ണര്‍ വായിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ എങ്ങനെ പെരുമാറണം എന്നത് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ കണ്ട് പഠിക്കണം എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശം. വിഡി സതീശന് മുന്‍പ് മന്ത്രിയായി പരിചയമില്ലെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിലേക്ക് കൂടി കടന്ന് ചെല്ലുകയാണ് വിമര്‍ശനത്തിലൂടെ ആരിഫ് മുഹമ്മദ് ഖാന്‍. നേരത്തെ നിയമ സഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനിടെയും ആരിഫ് മുഹമ്മദ് ഖാന്‍ വിഡി സതീശനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഡി സതീശന് ഗവര്‍ണറുടെ ഉപദേശം.


No comments