Breaking News

ഉഡുപ്പി -കരിന്തളം 400 കെവി ലൈൻ ഡിസംബറിൽ സജ്ജമാകും കയനിയിൽ കൂറ്റൻ ട്രാൻസ്ഫോമർ എത്തിച്ചു, സ്ഥാപിക്കുന്നതിനുള്ള പ്രവർത്തി തുടങ്ങി


വെള്ളരിക്കുണ്ട് ; വഴിനീളെ കാണികളില്‍ കൗതുകമായി എത്തിയ കൂറ്റന്‍ ട്രാന്‍സ്‌ഫോമറുകള്‍ കിനാനൂര്‍-- കരിന്തളം പഞ്ചായത്തിലെ കയനിയില്‍ ഇറക്കി.

ഈ 500 എന്‍വിഎ ട്രാന്‍സ്ഫോമറുകള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകും.

കെട്ടിടം പോലെ തോന്നിക്കുന്ന ട്രാന്‍സ്‌ഫോമറുകള്‍ അഞ്ചുകണ്ടെയ്നറുകളിലാണ്‌ ഗുജറാത്തിലെ ബറോഡയില്‍ നിന്നും എത്തിച്ചത്‌. 120 ടണ്‍ ഭാരമുള്ള ഇവ ഒരു മാസം കൊണ്ടാണ്‌ ഇവിടെയത്തിയത്‌.

വടക്കേ മലബാറിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആരംഭിച്ച ഉഡുപ്പി -കരിന്തളം 400 കെവി ലൈനിന്റെ സ്‌റ്റേഷനാണ്‌ കയനിയില്‍. 115 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ലൈന്‍. 1000 മെഗാവാട്ടാണ്‌ ഉഡുപ്പി- കരിന്തളം 400 കെവി വൈദ്യുത പദ്ധതിയുടെ ശേഷി.

കര്‍ണാടക നന്ദിപ്പൂരിലെ തെര്‍മല്‍ പവര്‍ സ്‌റ്റേഷനില്‍നിന്നാണ് വൈദ്യുതി എത്തിക്കുന്നത്.

ഉഡുപ്പിയില്‍നിന്ന് മൈസൂരുവഴി, മലപ്പുറം ജില്ലയിലെ അരീക്കോട് സബ്‌സ്‌റ്റേഷനില്‍ കൊണ്ടുവന്ന് മൈലാട്ടി, അമ്ബലത്തറ സബ്‌സ്‌റ്റേഷനുകളില്‍ എത്തിച്ചാണ് ജില്ലയില്‍ നിലവില്‍ വൈദ്യുതി വിതരണം നടത്തുന്നത്. ലൈനില്‍ തകരാറുണ്ടായാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ല പൂര്‍ണമായും ഇരുട്ടിലാകും. കരിന്തളം പദ്ധതി ഇതിന്‌ പരിഹാരമാകും.

കേരളത്തില്‍ 
50 കിലോമീറ്റര്‍ ലൈന്‍ മൊത്തം 115 കിലോമീറ്ററില്‍ 50 കിലോമീറ്റര്‍ ലൈനാണ് കേരളത്തില്‍. 860 കോടി രൂപ ചെലവുള്ള പദ്ധതി ഡിസബറില്‍ പൂര്‍ത്തിയാക്കും. സ്‌റ്റെര്‍ലൈറ്റ് എന്ന സ്വകാര്യകമ്ബനിയാണ് കരാറെടുത്തത്. 225 ടവറുകളാണ് വേണ്ടത്. കേരളത്തില്‍ 103 ടവറും കര്‍ണാടകത്തില്‍ 122 എണ്ണവും.

ഉഡുപ്പി-കരിന്തളം ലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കരിന്തളത്ത് നിന്ന് വയനാട്ടിലേക്ക് 400 കെവി ലൈന്‍ നിര്‍മിക്കും. ഇതോടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 400 കെവി പവര്‍ ഹൈവേ യാഥാര്‍ഥ്യമാകും.

No comments