Breaking News

ഫെഡറേഷൻ കപ്പ് വോളീബോളിൽ മിന്നുന്ന വിജയം നേടിയ കേരളാ ടീമില്‍ മലയോരത്തിൻ്റെ പെണ്‍കരുത്ത്: ജില്ലയ്ക്ക് അഭിമാനമായി കനകപ്പള്ളിയിലെ ആല്‍ബിയും പെരിയങ്ങാനത്തെ മന്യയും


പരപ്പ: ഭുവനേശ്വറില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ കേരളത്തിന്റെ പെണ്‍പട വിജയ കിരീടം ചൂടിയപ്പോള്‍ ഇങ്ങ് കാസര്‍കോട്ടെ വോളിബോള്‍ പ്രേമികള്‍ക്കും ഇത് ആഘോഷത്തിന്റെ നിമിഷം. കാരണം മറ്റൊന്നുമല്ല. കേരളാ ടീമില്‍ രണ്ടുതാരങ്ങളാണ് കാസര്‍കോട്ട് നിന്നുള്ളത്. കേരളാ പോലീസ് ടീം താരമായ ആല്‍ബിന്‍ തോമസും തിരുവനന്തപുരം സായിയിലെ മന്യ മനോജും. 


ഇരുവരും കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ താമസക്കാരണെന്നതാണ് മറ്റൊരു പ്രത്യേകത. ഫെഡറേഷന്‍ കപ്പിലെ ഒരു കളിയില്‍ പോലും പരാജയപ്പെടാതെ ഫൈനലില്‍ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് റെയില്‍വേസിനെ തോല്‍പ്പിച്ചാണ് കേരളം ജേതാക്കളായത്. വോളിബോള്‍ രംഗത്ത് ഒരുപാട് താരങ്ങളെ സംഭവന ചെയ്ത കിനാനൂര്‍ കരന്തളം പഞ്ചായത്തില്‍ നിന്ന് ദേശീയ വോളിബോള്‍ താരം നെല്ലിയടുക്കത്തെ അഞ്ജു ബാലകൃഷ്ണന് പിന്നാലെയാണ് വനിതകളില്‍ പുത്തന്‍ താരോദയം. 


മിഡില്‍ ബ്ലോക്കറായ ആല്‍ബി ഫെഡറേഷന്‍ കപ്പുള്‍പ്പടെ മൂന്നാം തവണയാണ് ദേശീയചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ ദേശീയ സീനിയര്‍ നാഷണല്‍ വോളിയില്‍ കേരളം കപ്പടിച്ചപ്പോള്‍ എതിരാളികളുടെ സ്മാഷുകളെ പ്രതിരോധിക്കാന്‍ ആല്‍ബിയുമുണ്ടായിരുന്നു. പരപ്പ കനകപ്പള്ളിയിലെ തോമസിന്റെയും ലൈസമ്മയുടേയും മകളാണ് ആല്‍ബി. ജിബിന്‍, ജോയല്‍ എന്നിവരാണ് സഹോദരങ്ങള്‍. 


പെരിയങ്ങാനം സ്വദേശിനായായ മന്യയാകട്ടെ തിരുവനന്തപുരം സായിയിലൂടെയാണ് വോളിബോള്‍ രംഗത്ത് ചുവടുറപ്പിക്കുന്നത്. അറ്റാക്കറായ മന്യ ആദ്യത്തെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ തന്നെ വിജയിക്കാന്‍ പറ്റിയ സന്തോഷത്തിലാണ്. പെരിയങ്ങാനത്തെ പരേതനായ മനോജിന്റെയും സരസ്വതിയുടെയും മകളാണ്. അച്ഛന്റെ പിന്തുണയോടെയാണ് വോളിബോള്‍ രംഗത്തെത്തിയതെന്ന് മന്യ പറഞ്ഞു. തലശ്ശേരി സായിയിലെ വോളിബോള്‍ താരം കാര്‍ത്തിക മനോജ് സഹോദരിയാണ്. നാട്ടിലേക്കെത്തുന്ന ഇരുവര്‍ക്കും അര്‍ഹമായ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ വോളിബോള്‍ അസോസിയേഷനും വോളിബോള്‍ പ്രേമികളും.

No comments