Breaking News

ഗസലിൻ്റെ കൊടുമുടിയിൽ ഇരിയയുടെ വാനമ്പാടി കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഗസലിനും തിരുവാതിരയ്ക്കും സമ്മാനവുമായി ലാലൂരിലെ സ്വർണ്ണയുടെ ജൈത്രയാത്ര


ഇരിയ : കാസർകോട് നടക്കുന്ന കണ്ണൂർ സർവ്വകലാശാല കലോത്സവത്തിൽ ഗസൽ സംഗീതത്തിൽ 24 മത്സരാർത്ഥികൾ മാറ്റുരച്ചപ്പോൾ വിജയം പയ്യന്നൂർ കോളേജിലെ സ്വർണയ്ക്ക് സ്വന്തം. ഇരിയ ലാലൂർ സ്വദേശിനിയാണ് ഈ ഗായിക പ്രതിഭ. ഗസൽ കൂടാതെ തിരുവാതിരക്കും സ്വർണ്ണയുടെ ടീമിനാണ് വിജയം. കൂടാതെ സംസ്കൃത പദ്യം ചൊല്ലലിൽ മൂന്നാം സ്ഥാനവും ഈ പ്രതിഭ നേടി. വളരെയധികം ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലിയായ ഗസലുകൾക്ക് ഇന്ന് പ്രചാരമേറി വരുന്നതോടൊപ്പം നാട്ടിൻ പുറങ്ങളിലേക്കും ആ സംഗീത ശാഖ കടന്നെത്തുന്നു എന്നതിന് ഉത്തമോദാഹരണമാണ് ഇരിയ ലാലൂരിലെ സ്വർണയുടെ വിജയം. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലടക്കം ശാസ്ത്രീയ സംഗീതത്തിലും പദ്യം ചൊല്ലലിലും സ്വർണ കെ. എസ്. ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. പ്രൊഫഷണൽ ഗായികയായി പേരെടുത്ത ഈ ഗായികയ്ക്ക് ലാലൂർ എന്ന കാർഷികഗ്രാമം ലാലൂരിൻ്റെ വാനമ്പാടി എന്ന നാമവും ചാർത്തിക്കൊടുത്തു. ശാസ്ത്രീയ സംഗീത കച്ചേരിയിലും ഗാനമേളകളിലും തിളങ്ങുന്ന സ്വർണ കെ.എസ്. കാരുണ്യ സംഗീത യാത്രകളിലും സജീവമാണ്.നിരവധി ആൽബങ്ങളിലും സിനിമകളിലും ഗാനമാലപിച്ചിട്ടുള്ള ഈ ഗായിക ഇരിയ ലാലൂരിലെ പുറവങ്കര കുഞ്ഞിക്കണ്ണൻ്റേയും സതിയുടേയും മകളാണ്

No comments