Breaking News

നൂറനാട് നടക്കാനിറങ്ങി ടിപ്പറിടിച്ച് മരിച്ച വൃദ്ധരുടെ എണ്ണം മൂന്നായി, ലോറി നിർത്താതെ പോയി




ആലപ്പുഴ: ആലപ്പുഴ നൂറനാട്ട് പണയിൽ പ്രഭാതസവാരിക്കിടെ ടോറസ് ലോറിയിടിച്ച് മരിച്ച വയോധികരുടെ എണ്ണം മൂന്നായി. ആലപ്പുഴ നൂറനാട് സ്വദേശികളായ രാജു മാത്യു (66), വിക്രമൻ നായർ (65), രാമചന്ദ്രൻ നായർ (72) എന്നിവരാണ് മരിച്ചത്.

സംഭവസ്ഥലത്ത് വച്ച് തന്നെ രാജു മാത്യു മരിച്ചിരുന്നു. വിക്രമൻ നായരെയും രാമചന്ദ്രൻ നായരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരോടൊപ്പം നടക്കാനിറങ്ങിയ രാജശേഖരൻ എന്നയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ ആറ് മണിയോടെ അമിതവേഗതയിൽ വന്ന ടോറസ് ലോറിയാണ് ഇവരെ ഇടിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കഴിഞ്ഞ നാല് ദിവസമായി ഇവിടെ നാല് മരണങ്ങളുണ്ടായെന്നും നാട്ടുകാർ പറയുന്നു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.

അമിതവേഗത്തിൽ മൂന്ന് പേരെയും ഇടിച്ച് തെറിപ്പിച്ച ലോറി ആദ്യം നിർത്താതെ പോയെങ്കിലും പിന്നീട് ഡ്രൈവറെത്തി കീഴടങ്ങി. ലോറിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയതോടെയാണ് ഡ്രൈവർ പള്ളിക്കൽ സ്വദേശി അനീഷ് കുമാർ കീഴടങ്ങിയത്.

ഇവിടെ അടുത്ത് പുതുക്കിപ്പണിത റോഡിന്‍റെ അശാസ്ത്രീയതയും അപകടകാരണമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കാൽനടയാത്രക്കാർക്ക് കൃത്യമായി നടക്കാനായി പാത അടയാളപ്പെടുത്തുകയോ, അവർക്ക് സൗകര്യമൊരുക്കുകയോ ചെയ്തിട്ടില്ലെന്നും, മുന്നറിയിപ്പ് ബോർഡുകൾ അടക്കം വയ്ക്കാതെയാണ് റോഡ് പണി പൂർത്തിയാക്കിയതെന്നും നാട്ടുകാർ പറയുന്നു.

No comments